പൊൻകുന്നം: ടൗണിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം വിവിധയിടങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നു. ബസ് സ്റ്റാൻഡിനു മുൻവശം ദേശീയപാതയോരത്ത് നിറഞ്ഞ ടാർ വീപ്പ അനാഥമായി കിടക്കാൻ തുടങ്ങിയിട്ടു പത്തുവർഷത്തിലേറെയായി. വേനലായാൽ ടാർ ഉരുകി യാത്രക്കാർ നടന്നു പോകുന്ന സ്ഥലത്തും റോഡിലും പരന്നൊഴുകി ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതിനു സമീപം ഒരു മാസത്തിലധികമായി പ്ലാസ്റ്റിക്ക് ചാക്കിലും മറ്റു കൂടുകളിലും പുറത്തുമായി നിരവധി മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു.
ഷോപ്പിംഗ് കോംപ്ളക്സിന്റെ മറ്റൊരു ഭാഗത്ത് ഒരു വർഷമായിക്കിടക്കുന്ന മാലിന്യമുണ്ട്. ഇതൊന്നും ആരും കണ്ടില്ല എന്നു നടിക്കുന്നതായി വ്യാപാരികൾ പറയുന്നു. ബസ് സ്റ്റാൻഡിനകം വൃത്തിയാക്കുന്നുണ്ടങ്കിലും പുറത്തുള്ളതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നു ആക്ഷേപമുണ്ട്.
മഴക്കാലമെത്തിയതോടെ പകർച്ചവ്യാധികളും എത്തി. ഈ സാഹചര്യത്തിൽ ഈ മാലിന്യമൊക്കെ ആരു നീക്കം ചെയ്യുമെന്നണ് നാട്ടുകാർ ചോദിക്കുന്നത്.