അടിമാലി: വിനോദ സഞ്ചാരികൾക്ക് പൊൻമുടി അണക്കെട്ടിന്റെയും വൃഷ്ടി പ്രദേശത്തിന്റെയും വിദൂരകാഴ്ചകൾ ആസ്വദിക്കാൻ സൗകര്യമൊരുങ്ങി.
ഹൈഡൽ ടൂറിസം വകുപ്പും രാജാക്കാട് സർവീസ് സഹകരണ ബാങ്കും ചേർന്നാണ് അടിസ്ഥാന സൗകര്യങ്ങളോടുകൂടി വ്യൂ പോയിന്റ് ക്രമീകരിച്ചിട്ടുള്ളത്.
മലനിരകൾക്കു നടുവിലായി പരന്നുകിടക്കുന്ന പൊൻമുടി ജലാശയത്തിന്റെ വിദൂരദൃശ്യം ഇനി സഞ്ചാരികൾക്ക് മനംനിറയെ ആസ്വദിക്കാം. ജലാശയത്തോടു ചേർന്ന് ഉയരമുള്ള മലമുകളിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സന്ദർശകർക്കായി വ്യൂപോയിന്റ് ക്രമീകരിച്ചിട്ടുള്ളത്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സുരക്ഷാ വേലിയും സ്പൈസ് പാർക്കും ഒരുക്കി. രണ്ടാംഘട്ടമെന്ന നിലയിൽ സഞ്ചാരികൾക്ക് ഇരിപ്പിടങ്ങളും വിദൂര കാഴ്ചകൾ അടുത്തു കാണുവാൻ ദൂരദർശിനിയും ക്രമീകരിക്കും.
ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന സ്പൈസസ് പാർക്കിലൂടെയാണ് വ്യൂ പോയിന്റിലേക്കെത്തുന്നത്. പൊൻമുടി അണക്കെട്ടിന്റെ വിദൂര ദൃശ്യങ്ങൾക്കു പുറമെ മൂന്നാർ മലനിരകളുടെ ഹരിതഭംഗിയും സഞ്ചാരികൾക്കിവിടെനിന്ന് ആസ്വദിക്കാൻ സാധിക്കും.
കോവിഡ് പ്രതിസന്ധിയെതുടർന്ന് അടച്ചിട്ടിരുന്ന പൊൻമുടി അണക്കെട്ടിലെ ബോട്ടിംഗ് ഏതാനും ദിവസംമുന്പ് പുനരാരംഭിച്ചിരുന്നു. ബോട്ടിംഗ് ആസ്വദിക്കാൻ സഞ്ചാരികളും ഇവിടേക്ക് എത്തിതുടങ്ങിയിട്ടുണ്ട്.