മൂന്നാർ: കാണാനും കേൾക്കാനും ആരും ആഗ്രഹിക്കാത്ത ഭീകര ദുരന്തത്തിന്റെ കണ്ണീർനനവിൽ ഒരാണ്ടു പിന്നിടുകയാണ് പെട്ടിമുടി.
2020 ഓഗസ്റ്റ് ആറിനാണ് കേരളത്തിന്റെ ഉള്ളം പിടച്ച ആ ദുരന്തമുണ്ടായത്. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും ആ നാലുപേർ കാണാ മറയത്തുതന്നെയാണ്.
പെട്ടിമുടിയിൽ കാണാതായ 66 പേരെ കണ്ടെത്താനായെങ്കിലും ഇന്നും കണ്ടെത്താനാകാത്ത നാലുപേർക്കായി ഒരുവർഷമായി അവർ കാത്തിരിക്കുകയാണ്.
പെട്ടിമുടി കെഡിഎച്ച്പി കന്പനി ലയത്തിൽ കിടന്നുറങ്ങിയിരുന്ന ദിനേഷ്കുമാർ, പ്രിയദർശിനി, കാർത്തിക്, കസ്തൂരി എന്നിവരെയാണ് ഇന്നും കണ്ടെത്താനുള്ളത്.
അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള പെട്ടിമുടി പുഴയിൽ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നതു കാരണം അപകട സ്ഥലത്തുനിന്നും മൃതദേഹങ്ങളും വീട്ടുപകരണങ്ങളുമെല്ലാം കിലോമീറ്ററുകൾക്കറുപ്പറത്തുനിന്നാണ് രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്.
ദുരന്തത്തിനു ശേഷം 17 -ാം ദിവസത്തോടെ മൃതദേഹങ്ങൾ വീണ്ടെടുത്തെങ്കിലും നാലുപേർക്കുള്ള തിരച്ചിൽമാത്രം വിഫലമായി.
കയങ്ങളും ചെങ്കുത്തായ പാറക്കെട്ടുകളും നിറഞ്ഞ ഘോരവനങ്ങൾക്കുള്ളിൽനിന്നായിരുന്നു നിരവധിപേരെ കണ്ടെത്തിയത്.
ഇതുപോലുള്ള സ്ഥലങ്ങളിലെല്ലാം രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാണാതായവരെ മരിച്ചവരായി കണക്കാക്കണമെന്ന ദേവികുളം സബ് കളകറുടെ ആവശ്യം സർക്കാർ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തു.
ഇനിയും കണ്ടെത്താനാകാത്ത ദിനേശ്, പിതൃസഹോദരന്റെ മകളുടെ ജൻമദിനം ആഘോഷിക്കാനാണ് മൂന്നാറിൽനിന്നും പെട്ടിമുടിയിലെത്തിയത്.
ദുഷ്കരമായ രക്ഷാദൗത്യം കണ്ണുകളിൽനിന്നും മായാതെ
അത്യന്തം ദുഷ്കരമായ സാഹചര്യങ്ങളിലായിരുന്നു പെട്ടിമുടിയിലെ തിരച്ചിൽ ദൗത്യം. പെട്ടിമുടിയിൽനിന്നും പതിനാലു കിലോമീറ്റർ അകലെയുള്ള ഉൾകാട്ടിനുള്ളിൽനിന്നുമായിരുന്നു അവസാനം മൃതദേഹങ്ങൾ കണ്ടെത്തിയത്.
വന്യമൃഗങ്ങളും ദുർഘട സാഹചര്യങ്ങളും അപകടക്കെണികളും നിറഞ്ഞ സാഹചര്യങ്ങളെ അതിജിവിച്ചാണ് ദിവസങ്ങളോളം രക്ഷാദൗത്യം തുടർന്നത്.
പെട്ടിമുടിയിൽനിന്നും നാൽപ്പാലം വഴി ഒഴുകിയെത്തി കരിന്പിയാറിൽ എത്തുന്ന വെള്ളം പൂയംകുട്ടി വഴി ഇടമലയാർ ഡാമിലാണ് എത്തുന്നത്.
പെട്ടിമുടിയിൽനിന്നും ഒന്നര കിലോമീറ്റർ കഴിഞ്ഞുള്ള ഗ്രേവൽ ബാങ്കിനുശേഷം വനമേഖലയാണ്. ജനസഞ്ചാരമില്ലാത്ത മേഖലയായതിനാൽ വന്യമൃഗങ്ങൾ വിഹരിക്കുന്ന പ്രദേശവും കൂടിയാണിത്.
ഇതിൽ പൂതക്കിടങ്ങ് എന്നു വിളിക്കുന്ന ഏറ്റവും ദുർഘടമായ സ്ഥലത്താണ് വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനം നടത്തേണ്ടിവന്നത്.
കാലൊന്നു തെറ്റിയാൽ അഗാധ ഗർത്തത്തിലേക്ക് പതിക്കുമെന്നതായിരുന്നു അവസ്ഥ. ദൗത്യത്തിനിടയിൽ രക്ഷാസേനയിലെ ചിലർ കാട്ടുപോത്തിനെയും പുലിയെയും കണ്ടിരുന്നു.
കുത്തനെയുള്ള ഇറക്കംനിറഞ്ഞ പ്രദേശത്ത് സാഹസിക രംഗത്ത് വൈദഗ്ധ്യമുള്ള മൂന്നാറിലെ സംഘംതന്നെയാണ് തിരച്ചിലിന് നേതൃത്വംനൽകിയത്.
ഒഴുക്കിന്റെ തീവ്രതയിൽ ഗ്യാസ് സിലിണ്ടർ പോലുള്ളവ കിലോമീറ്റർ അകലെയുള്ള ഇടമലയാർ ആറ്റിൽ എത്തിയതായും പറയപ്പെടുന്നു.
ഒരുവർഷം പിന്നിടുന്പോഴും മകനെതേടി ഷണ്മുഖനാഥൻ
പെട്ടിമുടി ഉരുൾപൊട്ടൽ നടന്നിട്ട് ഒരുവർഷമാകുന്പോഴും ഇനിയും കണ്ടെത്താനാകാത്ത മകന്റെ ഓർമയുടെ നീറുന്ന വേദനയിലാണ് ഷണ്മുഖനാഥൻ.
തിരച്ചിൽ അവസാനിപ്പിച്ച് ബാക്കിയുള്ള എല്ലാവരും മലയിറങ്ങിയെങ്കിലും ഇടയ്ക്കിടയ്ക്ക് പെട്ടിമുട്ടിയിലെത്തി തിരച്ചിൽ നടത്തുകയാണ് ഷണ്മുഖനാഥൻ.
ഇനിയും കണ്ടെത്താനാവാത്ത മകന്റെ മൃതദേഹമെങ്കിലും ഒരുനോക്കു കാണാനാവുമെന്ന പ്രതീക്ഷയിൽ പെട്ടിമുടിയിൽ എത്തുന്ന അവസരങ്ങളിലെല്ലാം ഷണ്മുഖനാഥൻ മകൻ ദിനേശ് കുമാറിനു വേണ്ടിയുള്ള തിരച്ചിൽ നടത്തുകയാണ്.
അപകടം നടന്ന് 20 ദിവസത്തിനുശേഷം അപകടംനടന്ന സ്ഥലത്തുനിന്നും മാറി ദൂരെയായി പുഴയിൽ മറ്റൊരു മകൻ നിധീഷ് കുമാറിനെ കണ്ടെത്തിയിരുന്നു.
പെട്ടിമുടിയിൽ താമസിക്കുന്ന ഷണ്മുഖനാഥന്റെ സഹോദരൻ അനന്തശിവന്റെ മകളുടെ ജൻമദിനം ആഘോഷിക്കാനാണ് ഇരുവരും പെട്ടിമുടിയിൽ എത്തിയിരുന്നത്. ഷണ്മുഖനാഥനും കുടുംബവും മൂന്നാറിലെ ഇക്കാനഗറിലായിരുന്നു താമസം.
പെട്ടിമുടി ഒരു നൊന്പര നാമം
2020 ഓഗസ്റ്റ് ആറുവരെ പെട്ടിമുടി എന്ന സ്ഥലം തേയില തോട്ടം മാത്രമായിരുന്നു. ആരുടെയും ശ്രദ്ധയാകർഷിക്കാതെ ആനമുടിയുടെ താഴ് വാരങ്ങളിൽ നിശബ്ദതയും ശാന്തതയും തളംകെട്ടിനിന്നിരുന്ന എസ്റ്റേറ്റായിരുന്നു അവിടം.
എന്നാൽ അന്നുരാത്രി ആ താഴ് വരയുടെ നിശബ്ദതയെ കീറിമുറിച്ച് ആർത്തലച്ച് അതിതീവ്ര ശക്തിയോടെ കാർമേഘം പേമാരിയായി പെയ്തിറങ്ങിയപ്പോൾ ശാന്തമായി ഉറങ്ങാൻ കിടന്നവർ പിന്നീട് ഉറക്കമുണർന്നില്ല.
കനത്ത മഴയിലും കാറ്റിലും നേരത്തേ ഉറങ്ങാൻ കിടന്നവർ രാത്രി, മലമുകളിൽനിന്നും ഒലിച്ചിറങ്ങിയ മലവെള്ളപ്പാച്ചിലിൽ മണ്ണിനടിയിൽ പുതഞ്ഞുപോയി.
ആർത്തലച്ചെത്തിയ വെള്ളപ്പാച്ചിലിൽ മൂന്നു ലയങ്ങളും കാന്റീൻ, ലേബർ ക്ലബ് കെട്ടിടങ്ങളും കല്ലിൻമേൽ കല്ലുശേഷിക്കാതെ കന്പിൻമേൽ കന്പു ശേഷിക്കാതെ തകർന്നടിഞ്ഞു. ഈ കെട്ടിടങ്ങൾ അവിടെ ഉണ്ടായിരുന്നു
എന്നുപോലും തിരിച്ചറിയാനാവാത്ത വിധത്തിൽ ചെളിയും വലിയ പാറക്കെട്ടുകളും അവിടെ അടിഞ്ഞുകൂടി. മൂന്നുദിവസം വൈദ്യുതി പോലുമില്ലാതെ മഞ്ഞുമൂടി പ്രദേശത്തെ കനത്ത ഇരുളിൽ മുക്കിയിട്ടു. വെളിച്ചം വീണപ്പോൾ നാടു കണ്ടത് അവിശ്വസനീയ രംഗങ്ങളായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരും ബന്ധുക്കളും താമസിച്ചിരുന്ന എസ്റ്റേറ്റു ലയങ്ങൾ നിലനിന്നിരുന്ന സ്ഥലം പാറക്കെട്ടുകളും ചെളിമലയുമായിരിക്കുന്നു.
ദിവസങ്ങളായി ഫോണുകളും പ്രവർത്തനരഹിതമായിരുന്നതിനാൽ സംഭവം പുറംലോകത്തേക്ക് അറിയിക്കാനും ഏറെ കാലതാമസമെടുക്കുകയും ചെയ്തു.
പിറ്റേന്നു രാവിലെ ഏഴോടെയാണ് ദുരന്ത വാർത്ത പുറംലോകമറിഞ്ഞുതുടങ്ങിയത്. പോലീസും അഗ്നിശമനാ സേനാംഗങ്ങളും വിവരമറിഞ്ഞയുടൻ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ അധികാരികളും പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പെട്ടിമുടിയിലെത്തി.
പിന്നീട് കണ്ടത് ഹൃദയം പിളർക്കുന്ന രംഗങ്ങളായിരുന്നു. മണ്ണിനടിയിൽ പുതഞ്ഞ നിലയിൽ മൃതദേഹങ്ങൾ ഒന്നൊന്നായി പുറത്തെടുക്കുന്നു.
പിഞ്ചുകുട്ടികൾ മുതലുള്ളവരുടെ മണ്ണിൽപുതഞ്ഞ ശരീരങ്ങൾ കോരിയെടുക്കുന്പോഴും കനത്ത മഴ തുടരുകയായിരുന്നു.
സംഭവത്തിന്റെ തീവത്ര ബോധ്യമായതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ 52 പേരടങ്ങുന്ന സംഘം പെട്ടിമുടിയിലെത്തി.
പിന്നീട് കണ്ടത് കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത വിധത്തിലുള്ള രക്ഷാപ്രവർത്തനങ്ങളായിരുന്നു.
കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നും പരിശീലനം നേടിയ ദുരന്തനിവാരണ സന്നദ്ധ സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും നാട്ടുകാരുമെല്ലാം രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി. രക്ഷാപ്രവർത്തനങ്ങൾ മൂന്നാഴ്ചയോളം നീണ്ടുനിന്നു.
അഞ്ചു കിലോമീറ്ററിൽ അധികം ദൂരം പുഴയിലൂടെ ഒലിച്ചെത്തി ദുർഘട പ്രദേശത്ത് തങ്ങിയ മൃതദേഹങ്ങൾപോലും കണ്ടെടുത്തു. കാണാതായ 70 പേരിൽ 66 പേരെയും രക്ഷാപ്രവർത്തകർ കണ്ടെത്തി.
സായിപ്പിന്റെ സ്വപ്ന ഭൂമി
ഒരുകാലത്ത് തേയിലത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ എത്തിയ ഇംഗ്ലീഷുകാരുടെ ഇഷ്ടതാവളമായിരുന്നു പെട്ടിമുടി.
അതിമനോഹരമായ ഈ പ്രദേശം ഇംഗ്ലീഷുകാർ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനും വിനോദങ്ങളിൽ ഏർപ്പെടുവാൻ തിരഞ്ഞെടുത്ത ഭൂമിയായിരുന്നു.
ഇവിടെ സമയം ചെലവഴിക്കുവാൻ കെട്ടിടങ്ങളും നിർമിച്ചു. ഒഴിവുവേളകൾ ആനന്ദമാക്കുവാൻ മീൻപിടുത്തത്തിനുള്ള സംവിധാനങ്ങളുമൊരുക്കി. അതിനായി ട്രൗട്ട് ഫിഷുകളെ ഇവിടെയെത്തിച്ചു.
ഉരുളൻ കല്ലുകൾ നിറഞ്ഞ മനോഹരമായ പുഴ ഉള്ളതിനാൽ ഈ പ്രദേശത്തിന് ഗ്രാവൽ ബാങ്ക്സ് എന്ന് പേരിടുകയും ചെയ്തു. ഈ പുഴയുടെ തീരത്തായിരുന്നു ഓഗസ്റ്റ് ആറിന് മൃതദേഹങ്ങൾ വന്നടിഞ്ഞത്.
ശ്മശാന ഭൂമിയായി മാറിയ ഈ പ്രദേശമുൾപ്പെടുന്ന പെട്ടിമുടിക്ക് അന്നത്തെ സൗന്ദര്യഭാവങ്ങളല്ല ഇപ്പോഴുള്ളത്. മലമുകളിൽനിന്നും അടർന്നിറങ്ങിയ വെള്ളപ്പാച്ചിലിന്റെ തീവ്രത വെളിപ്പെടുത്തി പച്ചപ്പിനെ കീറിമുറിച്ചുള്ള ചുവപ്പുനിറം പെട്ടിമുടി മലയുടെ മുകളിൽ ഇപ്പോഴും രക്തവടു കണക്കെ തെളിഞ്ഞുനിൽപ്പുണ്ട്.
പെട്ടിമുടിയിൽ കാലങ്ങളായി താമസിച്ചിരുന്ന പലരും മറ്റ് എസ്റ്റേറ്റുകളിലേക്ക് ജോലിക്കായി പോയി. ദുരന്തത്തിന്റെ മേഖലയിൽ വന്നടിഞ്ഞ മണ്കൂനയ്ക്കു മുകളിൽ കളകൾ തളിർത്തിരിക്കുന്നു.
കാലങ്ങളായി ഇവിടെ താമസമുറപ്പിച്ചവർ മടങ്ങിയതോടെ ഇവിടെ ജോലിക്കെത്തിയത് ഇതര സംസ്ഥാന തൊഴിലാളികളാണ്.
ഒരു പ്രദേശത്തെയൊന്നാകെ ദുരന്തം വിഴുങ്ങിയപ്പോൾ ഒറ്റയടിക്ക് വോട്ടർ പട്ടികയിൽനിന്നും പേര് ഒഴിവാക്കേണ്ടിവന്നത് 37 പേർക്കാണ്.
തേയിലത്തോട്ടങ്ങളിൽ ഒപ്പം പണിയെടുത്തവരുടെ ഓർമകൾ പങ്കുവച്ച് കൊളുന്തെടുക്കുന്നുവരുടെ കണ്ണീരിന്റെ നനവ് ഇപ്പോഴും തേയിലത്തോട്ടങ്ങളെ നനയ്ക്കുന്നുണ്ട്.
പുനരധിവാസം അതിദ്രുതഗതിയിൽ
പെട്ടിമുടിയിലെ ദുരന്തബാധിതരുടെ പുനരധിവാസ പ്രക്രിയകൾ അതിവേഗത്തിലാണ് പൂർത്തീകരിക്കപ്പെട്ടത്. വീട് നഷ്ടപ്പെട്ടവർക്ക് 200 ദിവസങ്ങൾക്കുള്ളിൽതന്നെ സ്ഥലം കണ്ടത്തി വീടുകൾ നിർമിച്ചുനൽകാനായി.
ദുരന്തത്തിന്റെ 192- ാം ദിവസമായ 2021 ഫെബ്രുവരി 14-ന് കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ വീടുപണി പൂർത്തീകരിച്ചു നൽകാനായി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ മികവുമൂലം ദുരന്തത്തിന്റെ 78- ാം ദിവസം പട്ടയവിതരണമടക്കമുള്ള നടപടികൾ പൂർത്തിയാക്കി.
ദുരന്തംനടന്ന് ഏഴുദിവസത്തിനുള്ളിൽതന്നെ അർഹരായവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനം റവന്യൂ വകുപ്പ് ഉൗർജിതമാക്കി. ഇതിനായി സ്പെഷൽ തഹസിൽദാർ ബിനു ജോസഫിന്റെ നേതൃത്വത്തിലുള്ള 13 അംഗത്തെ ജില്ലാ ഭരണകൂടം നിയോഗിച്ചു.
നാലു ലയങ്ങളിലായി താമസിച്ചിരുന്നവരിൽ ഭൂരിഭാഗംപേരും മരിച്ചതോടെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ആശ്രിതരുടെ പേരും വിവരങ്ങളും വിശദാംശങ്ങളും ശേഖരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റവന്യൂസംഘം സർക്കാറിന് സമർപ്പിച്ചു.
മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ഇടപെടലുകൾ കാര്യക്ഷമമായതോടെ ഒക്ടോബർ 10-ന് ഇതുസംബന്ധിച്ച ഉത്തരവും ഇറങ്ങി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ബന്ധപ്പെട്ടവർക്ക് ഭൂമി കൈമാറുകയും ചെയ്തു.