സ്വന്തം ലേഖകന്‍
തൃശൂര്‍: മലയാളികള്‍ ഇന്നും “പത്തരപ്പവന്‍’ തിളക്കത്തോടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സത്യന് അന്തിക്കാട് – ശ്രീനിവാസന് ടീമിന്റെ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയ്ക്ക് 33-ാം വര്‍ഷത്തില്‍ നിശ്ചലക്കാഴ്ചകള്കൊണ്ട് ആദരം.
സിനിമാപ്രേമികളെ ഇന്നും രസിപ്പിക്കുന്ന തട്ടാന്‍ ഭാസ്കരനും സ്നേഹലതയും മൂന്നു പതിറ്റാണ്ടിലേറെ കഴിഞ്ഞ് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നതു നടന് ശ്രീജിത്ത് രവിയുടേയും ഭാര്യ സജിതയുടേയും രൂപത്തിലാണ്.
യൂ ട്യൂബില്‍ കഴിഞ്ഞ ദിവസം ഇതു റിലീസ് ചെയ്തു. നിശ്ചല ചിത്രങ്ങളിലൂടെയാണു പൊന്മുട്ടയിടുന്ന താറാവിന്റെ കഥ അവതരണം.
ചിത്രത്തിലെ ഹിറ്റ് ഗാനമായ “തീയിലുരുക്കി തൃത്തകിടാത്തി ചേലൊത്തൊരു മാലതീര്‍ക്കാന്‍ ഏതു പൊന്നെന്റെ തട്ടാരേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണു ചിത്രക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്.
തട്ടാന്‍ ഭാസ്കരന്റെയും സ്നേഹലതയുടെയും പ്രണയവും പത്തുപവന്റെ മാലക്കഥയും, സ്നേഹലത ഭാസ്കരനെ ഉപേക്ഷിച്ച് ഗള്‍ഫുകാരന്റെ ഭാര്യയായി പോകുന്നതുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ഫോട്ടോകളാല്‍ അവതരിപ്പിച്ചിരിക്കുന്നു.
നിങ്ങള്‍ നോക്കിക്കോ എത്തിയെത്തിയങ്ങെത്തുമ്പോ അവസാനം തട്ടാനൊരു തട്ടു തട്ടും…എന്ന തട്ടാന്‍ ഭാസ്കരന്റെ ഡയലോഗോടെ ആരംഭിക്കുന്ന ഈ ചിത്രവിരുന്ന് അവസാനിക്കുന്നത്,
“”ഇപ്പളെങ്ങനെ തട്ടാന്‍ തട്ടിയോ… അന്ന് നിങ്ങളൊക്കെയെന്നെ കളിയാക്കിയില്ലേ… പത്തുപവന്‍ ഒരു പെണ്ണിനു കൊടുത്ത ഞാന്‍ പൊട്ടനാണെന്നുവരെ പറഞ്ഞില്ലേ. ഞാന്‍ കൊടുത്തതേ ചെമ്പാ….തനി ചെമ്പ്…” എന്ന സൂപ്പര്‍ഹിറ്റ് ഡയലോഗിലാണ്.
സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന മിഥുന് സര്ക്കാരയാണ് പൊന്മുട്ടയിടുന്ന താറാവിനെ ഈ രൂപത്തിലാക്കിയെടുത്തത്.
മുന്‍പ് വൈശാലി സിനിമയും മിഥുന് ഈ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു.
33 വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സിനിമയുടെ ചിത്രക്കാഴ്ചകള്‍ കണ്ട് സംവിധായകന് സത്യന് അന്തിക്കാടും, അച്ഛന്റെ സൂപ്പര്‍ഹിറ്റ് കഥാപാത്രത്തെ വീണ്ടും കണ്ട് അത്ഭുതപ്പെട്ട് വിനീത് ശ്രീനിവാസനും അണിയറപ്രവര്‍ത്തകരെ വിളിച്ച് അഭിനന്ദിച്ചു.