സ്വന്തം ലേഖകൻ
തൃശൂർ: മലയാളികൾ ഇന്നും പത്തരപവൻ തിളക്കത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിന്റെ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയ്ക്ക് 33-ാം വർഷത്തിൽ നിശ്ചലക്കാഴ്ചകൾ കൊണ്ടൊരു ആദരം.
സിനിമാപ്രേമികളെ ഇന്നും രസിപ്പിക്കുന്ന തട്ടാൻ ഭാസ്കരനും സ്നേഹലതയും മൂന്നു പതിറ്റാണ്ടിലേറെ കഴിഞ്ഞ് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത് നടൻ ശ്രീജിത്ത് രവിയുടേയും ശ്രീജിത്തിന്റെ ഭാര്യ സജിതയുടേയും രൂപത്തിലാണ്. യൂ ട്യൂബിൽ കഴിഞ്ഞ ദിവസം ഇത് റിലീസ് ചെയ്തു.
നിശ്ചല ചിത്രങ്ങളിലൂടെയാണ് പൊൻമുട്ടയിടുന്ന താറാവിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസൻ അവതരിപ്പിച്ച തട്ടാൻ ഭാസ്ക്കരനായി ശ്രീജിത്തും ഉർവശിയുടെ എക്കാലത്തേയും മികച്ച കഥാപാത്രമായ സ്നേഹലതയെ സജിത ശ്രീജിത്തുമാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഹിറ്റ് ഗാനമായ തീലുരുക്കി തൃത്തതകിടാക്കി ചേലൊത്തൊരു മാല തീർക്കാൻ ഏതു പൊന്നുണ്ട് തട്ടാരേ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്.
തട്ടാൻ ഭാസ്കരന്റെയും സ്നേഹതലതയുടെയും പ്രണയവും പത്തുപവന്റെ മാല സ്നേഹലത ആവശ്യപ്പെടുന്നതും ഭാസ്കരനത് ഉണ്ടാക്കിക്കൊടുക്കുന്നതും സ്നേഹലത ഭാസ്കരനെ ഉപേക്ഷിച്ച് ഗൾഫുകാരന്റെ ഭാര്യയായി പോകുന്നതുമെല്ലാം ചുരുങ്ങിയ സമയം കൊണ്ട് ഫോട്ടോകളാൽ അവതരിപ്പിക്കുന്നു.
നിങ്ങള് നോക്കിക്കോ എത്തിയെത്തിയങ്ങെത്തുന്പോ അവസാനം തട്ടാനൊരു തട്ടു തട്ടും…എന്ന തട്ടാൻ ഭാസ്കരന്റെ ഡയലോഗോടെ ആരംഭിക്കുന്ന ഈ ചിത്രവിരുന്ന് അവസാനിക്കുന്നത്,ഇപ്പളെങ്ങനെ തട്ടാൻ തട്ടിയോ….അന്ന് നിങ്ങളൊക്കെയെന്നെ കളിയാക്കിയില്ലേ…പത്തുപവൻ ഒരു പെണ്ണിനു കൊടുത്ത ഞാൻ പൊട്ടനാണെന്ന് വരെ പറഞ്ഞില്ലേ ഞാൻ കൊടുത്തതേ ചെന്പാ….തനി ചെന്പ്… എന്ന സൂപ്പർഹിറ്റ് ഡയലോഗിലാണ്.
സിനിമ രംഗത്തു പ്രവർത്തിക്കുന്ന മിഥുൻ സർക്കാരയാണ് പൊൻമുട്ടയിടുന്ന താറാവിനെ ഈ രൂപത്തിലാക്കിയെടുത്തത്. മുൻപ് വൈശാലി സിനിമയും മിഥുൻ ഈ രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു.
33 വർഷങ്ങൾക്കു ശേഷം തന്റെ സിനിമയുടെ ചിത്രക്കാഴ്ചകൾ കണ്ട് സംവിധായകൻ സത്യൻ അന്തിക്കാടും അച്ഛന്റെ സൂപ്പർഹിറ്റ് കഥാപാത്രത്തെ വീണ്ടും കണ്ട് അത്ഭുതപ്പെട്ട് വിനീത് ശ്രീനിവാസനും അണിയറപ്രവർത്തകരെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.