കോന്നി: കിടപ്പാടം കത്തിനശിച്ചതിനു പിന്നാലെ ഗൃഹനാഥന് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കൂടല്‍ പോത്തുപാറ അമ്മൂമ്മപ്പാറ പൊന്നച്ചനാണ് (50) മരിച്ചത്. 28ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വീട് കത്തിനശിച്ചത്.
ഇതേസമയം മറ്റൊരു ആവശ്യവുമായി ബന്ധപ്പെട്ട് പൊന്നച്ചന് കൂടല്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. തിരികെ എത്തിയപ്പോഴാണ് വീട് കത്തിനശിച്ചതായി കാണുന്നത്. പിറ്റേന്ന് സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ലെന്നാണ് ആരോപണം.
ഒന്നിന് ബന്ധു തേവരുപറമ്പില്‍ സന്തോഷ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതോടെയാണ് കേസെടുക്കുന്നത്. വീട് നശിച്ചതിന്റെ മനോവിഷമം മൂലം ഭക്ഷണം കഴിക്കാതെ അവശനായ പൊന്നച്ചനുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൊഴിയെടുക്കാന്‍ പോലീസ് സമ്മതിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശ്വാസം മുട്ടലുള്ളതിനാല്‍ മൊഴിയെടുക്കാനുമായില്ല. തുടര്‍ന്ന് ഇയാളെ കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെനിന്ന് കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും കൊണ്ടുപോയെങ്കിലും ഒന്നിനു രാത്രി മരിച്ചു. ഇന്നലെ മൃതദേഹവുമായി എത്തിയ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം അറിയിച്ചു.
പൊന്നച്ചന്റെ വീട് കത്തിനശിച്ച സംഭവത്തില്‍ നീതിപൂര്‍വമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു. വീട് പുനര്‍നിര്‍മിക്കണമെന്നാണ് പൊന്നച്ചന് ആവശ്യപ്പെട്ടത്. ഇതിനായുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊന്നച്ചനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതെന്നും ഇതില്‍ ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹവുമായി സ്റ്റേഷനില്‍ എത്തിയവര്‍ക്കും കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സമരം നടത്തിയവര്‍ക്കെതിരെയും കേസെടുത്തതായും പോലീസ് അറിയിച്ചു.
പൊന്നച്ചന്റെ വീടിനു തീ വച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മരണത്തിനു പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാക്കളായ ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി അംഗം പി. മോഹന്‍രാജ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.