താമരശേരി: മകൻ സുനീഷിന്റെ അപകട മരണത്തിന് പൊന്നാമറ്റം കുടുംബത്തിലുണ്ടായ കൊലപാതക പരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അമ്മ എൽസമ്മ. 2008 ജനുവരി 15ന് രാത്രി ഒന്പതിന് കുരങ്ങൻപാറ അങ്ങാടിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കിടന്ന സുനീഷിനെ അതു വഴി വന്ന ജീപ്പിൽ ആരൊക്കെയോ ചേർന്ന് നെല്ലിപ്പൊയിൽ ആശുപത്രിയിലും തുടർന്ന് ഓമശേരി ശാന്തി അശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും മെഡിക്കൽ കേളേജിൽ നിന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും 17 ന് രാത്രി മിംസിൽ വെച്ച് മരിച്ചെന്നാണ് കോടഞ്ചരി പോലീസിൽ നൽകിയ മൊഴി.
സുനീഷിന്റെ പിതാവിന്റെ ബന്ധുവാണ് സ്റ്റേഷനിൽ മൊഴികൊടുത്തത്.അതേ സമയം രാമനാട്ടുകരയിൽ രാത്രി ഒന്നരയ്ക്ക് സുനീഷ് അപകടത്തിൽപ്പെട്ടെന്നും ആശുപത്രിയിലാണെന്നുമാണ് വീട്ടുകാരെ അറിയിച്ചത്.പിന്നീടാണ് പുലിക്കയത്താണ് അപകടമെന്ന് അയൽവാസികൾ പറഞ്ഞത്. സുനീഷിന്റെ ഡയറിയിൽ താൻ ഒരു കെണിയിൽ(ട്രാപ്) പെട്ടതായി എഴുതിയിട്ടുണ്ട്. അന്ന് ചില സംശയങ്ങൾ ഉണ്ടായെങ്കിലും പരാതിയുമായി മുന്നോട്ടു പോയില്ല.
ഇപ്പോൾ പൊന്നാമറ്റത്തിൽ കുടുംബത്തിൽ നടന്ന ദുരൂഹമരണങ്ങളിൽ ജോളി അറസ്റ്റിലായപ്പോഴാണ് വീണ്ടും സംശയത്തിന് കാരണമായത്. മകൻ തന്റെ ബ്ളാങ്ക് ചെക്ക് കൊടുത്ത് പലരിൽ നിന്നുമായി 10 ലക്ഷം രൂപ വാങ്ങി പലർക്കും കൊടുക്കുകയായിരുന്ന അത് തിരിച്ചുകിട്ടിയിരുന്നില്ല.
ആർക്കാണാ പണം സുനീഷ് നൽകിയതെന്ന് അറിയില്ല. പിന്നീട് തങ്ങൾ സ്ഥലം വിറ്റ് ആ കടം വീട്ടുകയായിരുന്നു. ജോളി സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളുടെ വാർത്തകൾ കണ്ടതോടെയാണ് സംശയം ബലപ്പെട്ടതെന്നും എൽസമ്മ പറഞ്ഞു. മരിച്ച ടോം തോമസിന്റെ ജേഷ്ഠന്റെ മകനായ സുനീഷ് ജോളിയുമായി നല്ല സൗഹൃദത്തിലായിരുന്നു.
ദുരൂഹസാഹചര്യത്തിൽ മരിച്ച ടോം തോമസിന്റെ സഹോദരൻ അഗസ്ത്യന്റെ മകൻ വിൻസെന്റ് എന്ന ഉണ്ണി മരിക്കുന്നതും ടോം തോമസിന്റെ ഭാര്യ അന്നമ്മയുടെ സംസ്കാര ദിവസം തന്നെയാണെന്ന് എൽസമ്മ പറയുന്നു. 2002 ഓഗസ്റ്റ് 22 ന് മരിച്ച അന്നമ്മയുടെ സംസ്കാരം 24 നായിരുന്നു.
സംസ്കാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വിൻസെന്റിനെ വീടിനുള്ളിൽതുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിൻസെന്റിന്റെ മരണവും കൊലപാതകങ്ങളുമായി ബന്ധമുണ്ടോയെന്നും എൽസമ്മ സംശയിക്കുന്നു.