പത്തനംതിട്ട: പൊന്നമ്പലമേട്ടിലേക്കുള്ള അതിക്രമിച്ചു കയറിയ സംഘത്തെയും സഹായികളെയും തേടി പോലീസ് തമിഴ്നാട്ടില്‍. പച്ചക്കാനം ചെക്ക്പോസ്റ്റിനു സമീപത്തുനിന്നുള്ള വഴി ഉപയോഗിക്കാതെ സംഘം കാട്ടിലൂടെ തന്നെ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്.
വനംവികസന കോര്പറേഷന് ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ സൂപ്പര്‍വൈസര്‍ രാജേന്ദ്രന് കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരാണ്
സംഘത്തെ പൊന്നമ്പലമേട്ടില്‍ എത്തിച്ചതെന്നു വ്യക്തമായതോടെ ഇവരെ വനംവകുപ്പ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരെയും കെഎസ്എഫ്്ഡിസി ജോലിയില്‍ നിന്നു മാറ്റുകയും ചെയ്തു.
പണം വാങ്ങിയാണ് ഇരുവരും സംഘത്തെ പൊന്നമ്പലമേട്ടിലെത്തിച്ചത്. ഇത് ഇവര്‍ വരുമാന മാര്‍ഗമായി വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും പറയുന്നു. സഹായിയായി ഒപ്പമുണ്ടായിരുന്ന ഒരാളെയും അന്വേഷണസംഘം തെരയുന്നുണ്ട്.
പൂജ നടത്തിയവരടക്കം ഒന്‍പതു പേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ എട്ടിനാണ് ശബരിമലയില്‍ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂര്‍ സ്വദേശി നാരായണന് നന്പൂതിരിയും സംഘവും പൊന്നന്പലമേട്ടിലെത്തി പൂജ നടത്തിയത്.
പൂജയുടെ ദൃശ്യങ്ങള്‍ സംഘം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദമായത്. നാരായണന് നന്പൂതിരി അടക്കം ഏഴുപേര്‍ ഒളിവിലാണെന്ന് എഫ്ഐആറില്‍ വനംവകുപ്പ് പറയുന്നു.
നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിന് വഴികാണിക്കാനായി എത്തിയവരാണ് റിമാന്‍ഡിലായ രാജേന്ദ്രനും സാബുവും. ഇവര്‍ക്ക് പണവും പാരിതോഷികവും ലഭിച്ചതായാണ് കണ്ടെത്തല്‍.
വള്ളക്കടവ് വരെ ജീപ്പില്‍ എത്തിയ സംഘം അവിടെ നിന്ന് കുമളി – ഗവി – പത്തനംതിട്ട ബസില്‍ യാത്ര ചെയ്ത് മണിയാട്ടി പാലത്തിനു സമീപം ഇറങ്ങി.
തുടര്‍ന്ന് രാജേന്ദ്രന്റെയും സാബുവിന്റെയും സഹായത്തോടെ വനത്തിലൂടെ നടന്ന് പൊന്നമ്പലമേട്ടിലെത്തുകയായിരുന്നു. പൊന്നന്പലമേട്ടിലേക്കുള്ള വഴിയിലെ ഗേറ്റിന്റെ താക്കോല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പക്കലാണെങ്കിലും ഇതു വാങ്ങാതെയായിരുന്നു യാത്രയെന്നു പറയുന്നു.
വനമേഖലയിലൂടെ സംഘം അതിക്രമിച്ചു കടന്നുവെന്നാണ് കണ്ടെത്തല്‍.അതിക്രമിച്ചു കടന്നവര്ക്കെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ മൂഴിയാര്‍ പോലീസും കേസെടുത്തു.
നാരായണന് നന്പൂതിരി നിലവില്‍ ചെന്നൈയിലാണ് താമസം. അവിടെനിന്നുള്ളവരാണ് അദ്ദേഹത്തോടൊപ്പമെത്തിയിരുന്നതെന്ന് പറയുന്നു. പൂജയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിലൂടെ സാന്പത്തിക ലാഭം പ്രതീക്ഷിച്ച് ചെയ്ത പ്രവൃത്തിയായാണ് ഇതിനെ വിലയിരുത്തുന്നത്.
ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ കടന്നു കയറി ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്തുകയും അയ്യപ്പഭക്തരെ അവഹേളിക്കുകയും ചെയ്തുവെന്നും ആചാര വിരുദ്ധമായി പൂജ നടത്തിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
295, 295 എ, 447,34 എന്നീ വകുപ്പുകളിട്ടാണ് എഫ്ഐആര്‍. ഒമ്പത് പ്രതികളില്‍ അഞ്ചു പേരും തമിഴ്നാട് സ്വദേശികളാണ്. സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്കു പോയ ഇവരെ പോലീസ് പിന്തുടരുകയാണ്.