പത്തനംതിട്ട; നിയന്ത്രിത മേഖലയായ പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറാന്‍ അനുമതി നല്‍കിയത് വനംവകുപ്പ് ജീവനക്കാരെന്ന് സൂചന. വിഷയം കേരള വനംവികസന കോര്പറേഷന് ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്.
വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്താന്‍ തങ്ങള്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്.
പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പെട്ട പൊന്നമ്പലമേട്ടിലേക്കുള്ള വഴി ഗേറ്റിട്ട് അടച്ചിരിക്കുകയാണ്. വനംവകുപ്പ് ചെക്ക് പോസ്റ്റിലാണ് ഇതിന്റെ താക്കോല്‍ സൂക്ഷിക്കുന്നത്.
തൃശൂര്‍ സ്വദേശി ശബരിമല ശാന്തിക്കാരുടെ സഹായിയുമായിരുന്ന നാരായണന് നമ്പൂതിരിയും ഒമ്പതംഗ സംഘവുമാണ് കഴിഞ്ഞ തിങ്കളാഴ്ച പൊന്നമ്പലമേട്ടില്‍ എത്തിയത്.
ഇവര്‍ ഇവിടെ പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ ്സംഭവം വിവാദമായത്. ഇന്നലെ നാരായണന് നമ്പൂതിരി ഇതു സ്ഥിരീകരിച്ചതോടെയാണ് നടപടികള്‍ ആരംഭിച്ചത്.
കെഎഫ്ഡിസി ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന് കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരെ ഇന്നലെ വൈകുന്നേരം വനപാലകര്‍ അറസ്റ്റു ചെയ്തു. വനത്തില്‍ അതിക്രമിച്ചു കയറി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നാരായണന് നമ്പൂതിരിക്കും സംഘത്തിനും ഒത്താശ ചെയ്തു നല്കിയതും കൂട്ടിക്കൊണ്ടുപോയതും ഇവരാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഗേറ്റ് കടന്നാണോ സംഘം പോയതെന്നതു സംബന്ധിച്ച് ഇന്നു റാന്നി കോടതിയില്‍ വനപാലകര്‍ സമര്‍പ്പിക്കുന്ന എഫ്ഐആറില്‍ മാത്രമേ വ്യക്തമാകൂ.
അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് നാരായണന് നമ്പൂതിരി അടക്കമുള്ളവര്‍ക്കെതിരേയും കേസുണ്ട്. ഇവര്‍ തമിഴ്നാട്ടിലേക്കു പോയതായി പറയുന്നു.
ഇതിനിടെ അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടില്‍ ആളുകള്‍ അതിക്രമിച്ചു കയറിയത് അറിഞ്ഞില്ലെന്ന വനംവകുപ്പിന്റെ വിശദീകരണം വിശ്വസനീയമല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപനും അഭിപ്രായപ്പെട്ടു. കുറ്റകരമായ അനാസ്ഥയാണ് വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.