വിതുര: വിതുര- തെന്നൂർ റോഡുകളെ ബന്ധിപ്പിക്കുന്ന പൊന്നാംചുണ്ട് പാലം മഴ കണ്ടാൽ ‘വഴിമുടക്കി’യാകുന്നു. ഒന്നോ രണ്ടോ മണിക്കൂർ മഴ തുടർന്നാൽ പാലം വെള്ളത്തിനടിയിലാകും.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു തവണയാണ് ഇതു വഴിയുള്ള ഗതാഗതം നിലച്ചത്. കഴിഞ്ഞ ദിവസം ഇക്ബാൽ കോളജിൽ നിന്നും വിതുരയിലേക്ക് വന്ന കെഎസ്ആർടിസി ബസിന് പെന്നാംചുണ്ട് പാലം കടക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ആ ബസ് തെന്നൂർ – ചെറ്റച്ചൽ വഴി വിതുരയിൽ എത്തിച്ചേർന്നു.ഉച്ചവരെ പാലത്തിൽ വെള്ളം ഇല്ലായിരുന്നു. അതിനു ശേഷം പെയ്ത മഴയിലാണ് പാലത്തിൽ വെള്ളം കയറിയത്.
വാമനപുരം, അരുവിക്കര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികം ഉയരമില്ലാതെ ചപ്പാത്ത് മാതൃകയിൽ നിർമിച്ചതാണ് അപാകമായത്.
ചെറിയമഴയത്തു പോലും പാലം മുങ്ങുന്നത് പതിവാകുന്നതോടെ വാഹനങ്ങള്‍ ഏറെ ചുറ്റി നന്ദിയോട്- പാലോട് റോഡിലൂടെയാണ് പെരിങ്ങമ്മലയിലും തെന്നൂരും എത്തുക. വീതിക്കുറവും കൈവരിയില്ലാത്തും പ്രശ്നം സൃഷ്ടിക്കുന്നു.
പാലം സ്ഥിതി ചെയ്യുന്ന വിതുര -പെരിങ്ങമ്മല പ്രധാന റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നത് നിരവധി പേരാണ്. പെരിങ്ങമ്മല ഇക്ബാല്കോളജ്, ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്ക് വിതുരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ഥികൾ പോകുന്നുണ്ട്.
വിതുര യു.പി,ഹൈസ്കൂള്‍ എന്നിവയിലേക്കും ധാരാളം കുട്ടികള്‍ ഈ ഭാഗത്തു നിന്നും പോകുന്നുണ്ട്. ആദിവാസി ഊരുകളായ മണലി,തലത്തൂതക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ ആള്‍ക്കാരുടെ സഞ്ചാരവും പൊന്നാംചുണ്ട് പാലത്തെ ആശ്രയിച്ചാണ്.