കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപ്പനക്കാരിയെ കൊലപ്പെടുത്തിയ പ്രതി പിറ്റേന്നാണ് മൃതദേഹം കാർഡ്ബോർഡു കൊണ്ട് മൂടിയത്. കഴിഞ്ഞ എട്ടാം തീയതി രാത്രി ഒൻപത് മണിയോടെയാണ് കൊല നടന്നത്. കൊല്ലപ്പെട്ട തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപറന്പിൽ പൊന്നമ്മ (55) ആശുപത്രിയിലെ ഒരു വരാന്തയിൽ ചരിഞ്ഞു കിടക്കുന്പോഴായിരുന്നു കന്പി വടിക്കുള്ള അടിയേറ്റത്.
കെഎസ്ഇബി സബ്സ്റ്റേഷനു സമീപം പണിക്കായി കൊണ്ടുവന്ന കന്പി എടുത്തുകൊണ്ടുവന്നാണ് പ്രതി സത്യൻ പൊന്നമ്മയുടെ തലയ്ക്കടിച്ചത്. അടികൊണ്ട് ഓടിയ പൊന്നമ്മയെ പിൻതുടർന്ന് ഒരടികൂടി കൊടുത്തു. പിന്നീട് കുഴിയിലേക്ക് വീണ ശേഷവും അടിച്ചു. മരിച്ചുവെന്ന് ഉറപ്പായ ശേഷമാണ് സത്യൻ പിൻതിരിഞ്ഞത്. പിറ്റേന്ന് പുലർച്ചെ സത്യൻ പൊന്നമ്മയുടെ മൃതദേഹത്തിനരികെ എത്തി. പുറത്തു നിന്ന് നോക്കിയാൽ മൃതദേഹം കാണാമെന്ന് മനസിലാക്കിയാണ് മൂടിയത്.
ടൈൽസ് കൊണ്ടുവരുന്ന കാർഡ് ബോർഡ് എടുത്തുകൊണ്ടുവന്നാണ് മൃതദേഹം മൂടിയത്. പിന്നീട് എല്ലാ ദിവസവും രാവിലെ മൃതദേഹം കിടന്ന ഭാഗത്തേക്ക് നോക്കും. ദുർഗന്ധം അനുഭവപ്പെടാൻ തുടങ്ങിയ ദിവസം സത്യൻ സ്ഥലത്തു നിന്ന് മുങ്ങി. കോഴഞ്ചേരിയിൽ രണ്ടു ദിവസം കറങ്ങി നടന്ന ശേഷം വീണ്ടും മെഡിക്കൽ കോളജിൽ എത്തി. പ്രതി സത്യൻ ഒരു ഒറ്റയാനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്ത്രീകളായിരുന്നു ഇയാളുടെ ദൗർബല്യം. മൊബൈൽ ഫോണില്ല, കൂട്ടുകാരുമില്ല. ഇതു രണ്ടുമില്ലാത്ത ഒരാൾ കുറ്റം ചെയ്താൽ കണ്ടുപിടിക്കുക അസാധ്യം. മെഡിക്കൽ കോളജ് ഭാഗത്തെ ചെറിയ ഗുണ്ടാപ്പണികൾ ചെയ്യുന്നതായി സത്യനെതിരേ ആരോപണമുണ്ടായിരുന്നു. ലോട്ടറി തട്ടിപ്പറിക്കൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ പരാതികളുണ്ടായിരുന്നു.
കൊല്ലപ്പെട്ട പൊന്നമ്മയുടെ ഒരു മോതിരം കണ്ടുകിട്ടാനുണ്ട്. ഇത് കണ്ടെത്തണം. കൊല്ലാനുപയോഗിച്ച ആയുധവും കണ്ടെടുക്കേണ്ടതുണ്ട്.
ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരുടെ നിർദേശ പ്രകാരം ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.