ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്ന വീട്ടമ്മ കൊല ചെയ്യപ്പെട്ടിട്ട് 22 ദിവസവും ആശുപത്രി വളപ്പിൽനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെടുത്തിട്ട് ഇന്ന് 17 ദിവസവും പിന്നിട്ടെങ്കിലും മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടില്ല. അരും കൊലയ്ക്കു വിധേയമായ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷവും മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡിഎൻഎ പരിശോധനാ ഫലം വരാത്തതാണു മൃതദേഹം വിട്ടുകൊടുക്കുവാൻ വൈകുന്നതെന്ന് അധികൃതർ പറയുന്നു. മരണപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാത്ത വിധം അഴുകുകയും തലയോട്ടി പൊട്ടിയ നിലയിലും കൈകാലുകൾ തെരുവുനായ്ക്കൾ കടിച്ചു കീറുകയും മാംസം ഭക്ഷിക്കുകയും ചെയ്ത നിലയിലുമായിരുന്നതിനാൽ മൃതദേഹത്തിൽനിന്നെടുത്ത രക്ത സാന്പിളും മകൾ സന്ധ്യയുടെ രക്ത സാന്പിളും ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിട്ടുനൽകുവാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് ലഭിക്കാത്തതിനാൽ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തുവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ജൂലൈ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30നാണു മെഡിക്കൽ കോളജ് വളപ്പിൽനിന്ന് ആശുപത്രി പരിസരത്ത് ലോട്ടറി വില്പന നടത്തിയിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം പടിഞ്ഞാറെപ്പറന്പിൽ പൊന്നമ്മയുടെ (55) മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ അന്നു വൈകുന്നേരം ഇവരുടെ മകൾ സന്ധ്യ ഗാന്ധിനഗർ സ്റ്റേഷനിൽ എത്തി മൃതദേഹത്തിൽനിന്നു കണ്ടെത്തി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സാരിയും രണ്ട് ഗോൾഡ് കവറിംഗ് വളകളും കണ്ട് മരിച്ചത് തന്റെ അമ്മയാണെന്നു തിരിച്ചറിഞ്ഞിരിന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം അഴുകിയതിനാൽ കാണുവാൻ അധികൃതർ അനുവദിച്ചില്ല.
അമ്മയെ കൊലപ്പെടുത്തിയതാണെന്നും, കൊലപ്പെടുത്തിയത് അമ്മയോടൊപ്പം മെഡിക്കൽ കോളജ് പരിസരത്ത് ലോട്ടറി വിൽക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നയാളാ ണെന്നും സന്ധ്യ പറഞ്ഞിരുന്നു. ഉടൻതന്നെ ഈ യുവാവിനെ പോലീസ് അന്വേഷിക്കുകയും നിരീക്ഷണത്തിനു വിധേയമാക്കുകയും ചെയ്തിരിന്നു. തുടർന്ന് 15നു തിങ്കളാഴ്ച അർധരാത്രിയോടെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരിന്നു. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് സത്യനെ (45)യാണ് അറസ്റ്റ് ചെയ്തത്.
സത്യനെ വിശദമായി ചോദ്യം ചെയ്തപ്പോൾ താൻ പൊന്നമ്മയെ കന്പിവടി കൊണ്ടു തലയ്ക്ക ടിച്ചു കൊന്നതാണെന്നും പിന്നീട് കന്പിവടി സമീപത്ത് ഉപേക്ഷിച്ചെന്നും മൊഴി നൽകുകയും പോലീസ് അവിടെനിന്നു കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. ഇപ്പോൾ ഇയാൾ കോട്ടയം സബ് ജയിലിൽ റിമാന്ഡിൽ കഴിയുകയാണ്. മൃതദേഹം വിട്ടുകിട്ടുവാൻ ആവശ്യമായ നടപടി അതിവേഗത്തിലാക്കുവാൻ അധികൃതർ സഹായിക്കണമെന്നാണ് മകൾ സന്ധ്യയുടെ ആവശ്യം.