കോട്ടയം: ലോട്ടറി വില്പനക്കാരിയുടെ മരണം കൊലപാതകമാണെന്ന വിശ്വാസത്തിൽ ഉറച്ച് പോലീസ്. പ്രതികളെക്കുറിച്ച് ധാരണയിലെത്തുവാൻ ഇതുവരെ പോലീസിനായിട്ടില്ല. ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണ് ഇയാൾ. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറന്പിൽ പൊന്നമ്മ (55)യുടെ മൃതദേഹമാണ് അഴുകിയ നിലയിൽ ശനിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽനിന്നും കണ്ടെത്തിയത്. പൊന്നമ്മയുടെ സുഹൃത്തും ലോട്ടറി കച്ചവടക്കാരനുമായ യുവാവിലെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. പോസ്റ്റുമോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം.
തലയ്ക്ക് ഏൽക്കുന്ന മർദനമോ, വീഴ്ചയിലുണ്ടായ ക്ഷതമോ മൂലമാണു മരണം സംഭവിച്ചിരിക്കുന്നതെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. പൊന്നമ്മ വർഷങ്ങളായി മെഡിക്കൽ കോളജിലാണ് അന്തിയുറങ്ങുന്നത്. ഇവരോടൊപ്പമുണ്ടായിരിന്ന ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പറയാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ മറ്റൊരു യുവാവിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു.
കസ്റ്റഡിയിലുള്ള യുവാവ് പറഞ്ഞതനുസരിച്ചാണു പുതുപ്പള്ളിക്കാരനായ ഇയാളെ വിളിച്ചു വരുത്തിയത്. ചെറിയ തോതിൽ ഭിന്നശേഷിക്കാരനായ ഇയാൾക്ക് ഈ കൃത്യത്തിൽ പങ്കില്ലെന്ന് പ്രഥമദൃഷ്ട്യ പോലീസിനു വ്യക്തമായി. പൊന്നമ്മ മരിച്ചത് തലയ്ക്ക് ഏറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കുന്നതിനിടയിൽ തന്നെ മരണ കാരണം പോലീസിന് ബോധ്യപ്പെട്ടിരുന്നു.
തലയോട്ടിയുടെ ഒരു വശം പൊട്ടി തകർന്നു കുറച്ച് ഭാഗം അടർന്നു പോകുകയും തലയോടിനുള്ളിൽ ഒരു ചെറിയകൈപ്പത്തി കടന്നുപോകും വിധമായിരുന്നു. വീഴ്ചയിൽ സംഭവിക്കുന്നതല്ല തലയോട്ടിയുടെ മുകൾ ഭാഗത്തെ പൊട്ടൽ എന്നതിനാൽ തുടക്കംമുതൽ കൊലപാതകമെന്ന തരത്തിലുള്ള അന്വേഷണം ഉർജിതപ്പെടുത്തിയിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്കാണു മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിന്റെ പിൻഭാഗത്ത് അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പീന്നിടാണു മൃതദേഹം തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയുടേതാണെന്ന് മകൾ സിന്ധു തിരിച്ചറിഞ്ഞത്. മൃതദേഹം അഴുകിയതിനാൽ ഡിഎൻഎ പരിശോധന നടത്തി മാത്രമേ ബന്ധുക്കൾക്കു വിട്ടുനല്കു.
അതിനാൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളജിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനകം ഡിഎൻഎ പരിശോധാനാഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഡിഎൻഎ പരിശോധനയ്ക്ക് രക്തം ശേഖരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് പൊന്നമ്മയുടെ മകൾ സിന്ധുവിനോട് ഇന്നു ഗാന്ധിനഗർ സ്റ്റേഷനിൽ എത്തുവാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് കുടുംബശ്രീ ജീവനക്കാർ വിശ്രമിക്കുന്നതിനായി നിർമിച്ചിട്ടുള്ള കെട്ടിടത്തിന്റെ പരിസരത്ത് ദുർഗന്ധം പരന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. സമീപത്തു കിടന്നിരുന്ന കടലാസ് പെട്ടി ശുചീകരണ തൊഴിലാളികൾ തുറന്നപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഗാന്ധിനഗർ സിഐ അനൂപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്.