കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരി തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപറന്പിൽ പൊന്നമ്മ (55) കൊല ചെയ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടിൽ പൊടിക്കുട്ടിയുടെ മകൻ സത്യൻ (45) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പൊന്നമ്മയുമായി ബന്ധമുണ്ടായിരുന്ന സത്യൻ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി 12.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി കുറ്റം സമ്മതിച്ചതായി ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. നേരത്തേ പൊന്നമ്മയുമായി സത്യന് അടുപ്പമുണ്ടായിരുന്നു. എന്നാൽ മൂന്നുമാസമായി സത്യനെ പൊന്നമ്മ അടുപ്പിക്കുന്നില്ല. രണ്ടുതവണ പൊന്നമ്മ സത്യനെ ഉപദ്രവിക്കുകയും ചെയ്തു. ഈയൊരു വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് പൊന്നമ്മയുടെ അഴുകിയ മൃതദേഹം മെഡിക്കൽ കോളജ് കാൻസർ വാർഡിനു പിന്നിലെ കാട്ടിൽ കണ്ടെത്തിയത്.
തുടർന്ന് ജില്ലാ പോലീസ് ചീഫ് പി.എസ്.സാബു, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരുടെ നിർദേശാനുസരണം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 12 വർഷമായി പ്രതി സത്യൻ മെഡിക്കൽ കോളജ് ഭാഗത്ത് എത്തിയിട്ട്. ലോട്ടറി വിൽപന നടത്തി വന്ന ഇയാൾ മറ്റൊരു ലോട്ടറി വിൽപനക്കാരിയായ പൊന്നമ്മയുമായി അടുത്തു. ഇരുവരും മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ ഒഴിഞ്ഞ വരാന്തയിലാണ് അന്തിയുറങ്ങിയിരുന്നത്.
എന്നാൽ മൂന്നുമാസം മുൻപ് സത്യനെ പൊന്നമ്മ ഒഴിവാക്കി. തന്നെ വിട്ട് മറ്റു ചിലരുമായി അടുപ്പം കാണിക്കുന്നതിനെ ചൊല്ലി ഇരുവരും പലപ്പോഴും വാക്കുതർക്കവും വഴക്കും ഉണ്ടാക്കാറുണ്ട്. ഒരിക്കൽ സത്യനെ ഹോളോബ്രിക്സ് ഉപയോഗിച്ച് പൊന്നമ്മ തലയ്ക്കടിച്ചു. മറ്റൊരു പെണ്ണുമായി സത്യന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു അടിപിടി. രണ്ടാഴ്ച മുൻപ് കാലിന് വെട്ടിപരിക്കേൽപിച്ചു. ഇതെല്ലാം പൊന്നമ്മയോടുള്ള വൈരാഗ്യത്തിന് കാരണമായി.
കഴിഞ്ഞ എട്ടിനാണ് കൊല നടത്തിയത്. രാത്രി ഒൻപത് മണിയോടെ കാൻസർ വാർഡിന്റെ പിൻവശത്ത് ഇരുവരും തമമിൽ വഴക്കുണ്ടായി. വഴക്ക് മൂത്തതോടെ സത്യൻ കന്പിവടിക്ക് പൊന്നമ്മയുടെ തലയ്ക്കടിച്ചു. അടികൊണ്ട് പൊന്നമ്മ ഓടി ഒരു കുഴിയിൽ വീണു. അവിടെ വച്ച് വീണ്ടും രണ്ടുതവണ തലയ്ക്കടിച്ചു. ഇതോടെ രക്തം വാർന്ന് കുഴിയിൽ കിടന്നു മരിച്ചു.
കൊല്ലാനുപയോഗിച്ച കന്പിവടി കാട്ടിലേക്ക് എറിഞ്ഞു കളഞ്ഞതായി പ്രതി പോലീസിന് മൊഴി നല്കി. പൊന്നമ്മയുടെ രണ്ടുപവന്റെ ആഭരണം പ്രതി കൈക്കലാക്കി. ഇത് എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. ലോട്ടറിയും 40 രൂപയുമാണ് പൊന്നമ്മയുടെ പക്കലുണ്ടായിരുന്നത്.
പൊന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ തന്നെ അവരുടെ ഒപ്പമുണ്ടായിരുന്നവരെയാണ് പോലീസ് സംശയിച്ചത്. സത്യനെ ശക്തമായ നിരീക്ഷണത്തിലാക്കി. ഇയാൾ ഒളിവിൽ പോകാതിരിക്കാനുള്ള മുൻകരുതലും പോലീസ് സ്വീകരിച്ചു. ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ്ഐ പി.ഐ.റെനീഷ്, എഎസ്ഐമാരായ അജിമോൻ പി.കെ., അജി എം.പി, നോബിൾ, സിപിഒമാരായ സന്തോഷ്, ഗിരീഷ്, അംബിക കെ.എൻ, ഷിജ എന്നിവരാണ് കേസ് അന്വേഷിച്ചത്.