കോഴഞ്ചേരി: ലൈഫ് മിഷനിലൂടെ സുമനസുകളുടെ സഹായത്തോടെ വിധവയായ വീട്ടമ്മയുടെ സ്വന്തമായ വീട് എന്ന സ്വപ്നം പൂവണിയുന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ കുരങ്ങുമല ചരിവുകാലായില്‍ പൊന്നമ്മ ഗോപാലനാണ് 700 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് യാഥാർഥ്യമാകുന്നത്. 2008-09 കാലയളവിലെ ഇന്ദിര ആവാസ് യോജന പ്രകാരം വീടിന്റെ നിർമാണം ആരംഭിച്ചെങ്കിലും തറ പൂര്‍ത്തീകരിച്ചതോടെ നിലയ്ക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി. ഈശോ പ്രത്യേകം താത്പര്യമെടുത്ത് വീടിന്റെ നിർമാണം ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പുനരാരംഭിക്കുകയായിരുന്നു. സര്‍ക്കാര്‍ വിഹിതമായ 1.20 ലക്ഷം രൂപയോടൊപ്പം വീടിന്റെ നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളും ബാക്കി തുകയും സുമനസുകളുടെ സഹായത്തോടുകൂടി ശേഖരിക്കുകയായിരുന്നുവെന്നും ബിജിലി പറഞ്ഞു. നിർമാണം പൂര്‍ത്തീകരിക്കുമ്പോള്‍ ഏകദേശം 2.5 ലക്ഷം രൂപയോളം വേണ്ടി വരും.
പരേതയായ മുന്‍ ജില്ലാ കൗണ്‍സിലര്‍ ലില്ലി ചെറിയാന്റെ മകനും അമേരിക്കയിലെ താമസക്കാരനുമായ റെജി ചെറിയാന് 25000 രൂപയാണ് വീടിന്റെ നിർമാണത്തിന് നല്‍കിയത്. വീടിന്റെ വാര്‍പ്പും മറ്റു പ്രവര്‍ത്തികളും കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത്.