പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച തമിഴ്നാട് സംഘത്തിനെതിരേ വനംവകുപ്പ് കേസെടുത്തു.
ശബരിമല കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന തമിഴ്നാട് സ്വദേശി നാരായണന് എന്നയാളാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇയാള്‍ക്കെതിരേയാണ് കേസെടുത്തത്.
ശബരിമല ഉദ്യോഗസ്ഥരും മറ്റും അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ചിത്രം വന്നതോടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്.ആങ്ങമൂഴി – ഗവി – വണ്ടിപ്പെരിയാര്‍ പാതയിലാണ് പൊന്നമ്പലമേട്ടിലേക്കുള്ള ഗേറ്റ്.
ഇതുവഴിയുള്ള യാത്ര വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആര്‍ക്കും അകത്തേക്കു പ്രവേശിക്കാനാകില്ല.
ഗൂഡ്രിക്കല്‍ റേഞ്ചില്‍ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് സ്ഥലം. സമീപത്ത് ഫോറസ്റ്റ് ചെക്ക് പോസ്റ്റുമുള്ളതാണ്. സംഘം അകത്തു കടന്നത് വനംവകുപ്പുദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നു സംശയമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം ഗൗരവതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഡിജിപിക്ക് പരാതി നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.