കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊളിച്ചുപണിയാനുള്ള നീക്കത്തിനെതിരേ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ. നീക്കത്തിൽ ദുരൂഹതയുണ്ടെന്നും പൊന്നാനകൾക്കു തകരാർ ഉള്ളതായി അറിയില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ ഉത്സവത്തിനും ഏഴരപൊന്നാന എഴുന്നള്ളിച്ചപ്പോഴും കേടുപാടുകൾ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കേടുപാടുകളുള്ള വിവരം ഉടമസ്ഥരായ ദേവസ്വം ബോർഡിനെ അറിയിക്കാതെ പൊളിച്ചുപണിയണമെന്ന ആവശ്യവുമായി തന്ത്രി കോടതിയെ സമീപിച്ചതിനെ സംരക്ഷണ സമിതി ചോദ്യം ചെയ്തു.
ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളിൽ ശേഷിക്കുന്നത് ഏഴരപ്പൊന്നാന മാത്രമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവ് സമർപ്പിച്ച സ്വർണചേനയും പഴുക്കാക്കുലയും ആഭരണ ശേഖരവും നഷ്ടപ്പെട്ടു കഴിഞ്ഞു. ഏഴരപൊന്നാന കൂടി ഇല്ലാതാക്കാനുള്ള നീക്കത്തെ എതിർക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. കൊടിമരം നിർമാണവുമായി ബന്ധപ്പെട്ട് എത്ര സ്വർണ്ണം ലഭിച്ചുവെന്നോ, എത്ര ചെലവായെന്നോ വ്യക്തമല്ല.
ഏഴരപൊന്നാന സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ രക്ഷാസംഗമം നടത്തും. പത്രസമ്മേളനത്തിൽ കെ.എസ്. നാരായണൻ, കെ.പി. സഹദേവൻ, സുരേഷ് ഗോവിന്ദ്, മണിയനാചാരി എന്നിവർ പങ്കെടുത്തു.