സാംസ്കാരികമായും ചരിത്രപരമായും ഒട്ടേറെ പെരുമയുള്ള മണ്ണാണ് പൊന്നാനിയുടേത്. അറബിക്കടലും ഭാരതപ്പുഴയും പൊന്നാനിപ്പുഴയും സംഗമിക്കുന്നിടം. മലപ്പുറം, പാലക്കാട് ജില്ലകളുടെ സംസ്കാരങ്ങളോട് ഇടപഴകി കിടക്കുന്ന മണ്ഡലം.
ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും തീരപ്രദേശ മണ്ഡലങ്ങളാണ്. തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ, തൃത്താല, താനൂർ, തവനൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനിയിലുൾപ്പെടുക. ഇവയിൽ തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ, തൃത്താല എന്നിവിടങ്ങളിൽ യുഡിഎഫും താനൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിൽ സിപിഎമ്മുമാണ്. മുസ്ലിംലീഗിന്റെ ദേശീയ നേതാക്കളായിരുന്ന ജി.എം. ബനാത്ത്വാല, ഇബ്രാഹിം സുലൈമാൻ സേട്ട് എന്നിവർക്ക് ഈസി വാക്കോവർ നൽകിയിരുന്ന മണ്ഡലം.
1977 മുതൽ 2009 വരെയും. ഹാട്രിക് വിജയത്തിനായി യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ പ്രചാരണരംഗത്തു സജീവമാകുന്പോൾ ഇത്തവണ അട്ടിമറിക്കുമെന്നു പ്രഖ്യാപിച്ചാണ് ഇടതു സ്വതന്ത്രൻ പി.വി. അൻവർ നിലന്പൂരിൽനിന്നു പൊന്നാനിയിലെത്തിയിട്ടുള്ളത്.
ഇത്തവണ അനുകൂലവോട്ടുകളുടെ എണ്ണം വർധിപ്പിക്കാനുറച്ചാണ് ബിജെപി സംസ്ഥാന സമിതിയംഗം പ്രഫ.വി.ടി. രമ മത്സരരംഗത്തുള്ളത്. പൊതുസ്വതന്ത്രനെ നിർത്തി വിജയിപ്പിച്ചെടുക്കുന്ന ഇടതുപക്ഷ തന്ത്രം ഇത്തവണ യുഡിഎഫിനു വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇതു മുന്നിൽ കണ്ടു വിശ്രമമില്ലാത്ത പ്രവർത്തനമാണ് യുഡിഎഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ നടത്തുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. കുറേ വർഷങ്ങളായി ശക്തമായ മൽസരം നടക്കാത്ത പൊന്നാനിയിൽ കഴിഞ്ഞ തവണ ഇടതുസ്വതന്ത്രൻ വി.അബ്ദുറഹ്മാനെ രംഗത്തിറക്കിയപ്പോൾ ഇ.ടിയുടെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്കു ചുരുങ്ങി.
മാത്രമല്ല, മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് ലീഡ് നേടാനുമായി. ഇത്തവണയും അതേ രീതിയിൽ പൊരിഞ്ഞ പോരാട്ടം കാഴ്ചവയ്ക്കാൻ തന്നെയാണ് പൊന്നാനിയിൽ ഇടതുമുന്നണി തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീർ ഇടതുസ്വതന്ത്രൻ വി.അബ്ദുറഹ്മാനെ തോൽപ്പിച്ചത് 25,410 വോട്ടുകൾക്കാണ്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 43.4 ശതമാനം വോട്ടുകൾ ബഷീറിനു ലഭിച്ചപ്പോൾ വി.അബ്ദുറഹ്മാനു 40.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥിയായിരുന്ന നാരായണൻ മാസ്റ്റർക്കാകട്ടെ 8.6 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്.
മണ്ഡലത്തിലെ പരന്പരാഗത യുഡിഎഫ് വോട്ടുകളിൽ തന്നെയാണ് ഇത്തവണയും ഇ.ടിയുടെ പ്രതീക്ഷ. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ നിയമസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ യുഡിഎഫിനു ലീഡുള്ളത്. തിരൂരങ്ങാടിയിൽ നിന്നു മാത്രം 23,367 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. താനൂരിൽ 6,220, തിരൂരിൽ 7,245, കോട്ടയ്ക്കലിൽ 11,881 എന്നിങ്ങനെയായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം. ഇത്തവണ ഈ ഭൂരിപക്ഷത്തിൽ വർധനയുണ്ടാക്കുകയും മറ്റു മൂന്നു മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ കുറയ്ക്കുകയും ചെയ്യാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അതേസമയം, ഈ പ്രാവശ്യം ഇടതുമുന്നണി പൊന്നാനിയിൽ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ നേടിയ ലീഡിനു പുറമെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നടത്തിയ അട്ടിമറി വിജയവും തിരൂരങ്ങാടിയിലെ വൻ വോട്ടുശേഖരണവും ഇക്കുറി പൊന്നാനിയിൽ ചരിത്രം മാറ്റിയെഴുതുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.
തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ ഇടതുപക്ഷത്തിനൊപ്പം നിന്നത്. തവനൂരിൽ 9170 വോട്ടുകളും പൊന്നാനിയിൽ 7658 വോട്ടുകളും തൃത്താലയിൽ 6433 വോട്ടുകളുമായിരുന്നു ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല ഒഴികെയുള്ള രണ്ടുമണ്ഡലങ്ങളിലും വിജയം നേടാൻ ഇടതുപക്ഷത്തിനു സാധിച്ചു. ഇതോടൊപ്പം താനൂർ മണ്ഡലത്തിൽ യുഡിഎഫിന്റെ കുത്തക അവസാനിപ്പിച്ച് വിജയിക്കാനും തിരൂരങ്ങാടിയിൽ യുഡിഎഫിന്റെ വോട്ടുകൾ വൻതോതിൽ ചോർത്താനും എൽഡിഎഫിനു കഴിഞ്ഞു. നിയമസഭാ മണ്ഡലങ്ങളിലെ ഈ അനുകൂല ഘടകം മുതലെടുത്ത് പാർലമെന്റിൽ ഇത്തവണ വിജയം നേടുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. മുൻ കോണ്ഗ്രസുകാരനെന്ന നിലയിൽ തനിക്ക് ഇവിടെയും കോണ്ഗ്രസ് വോട്ടുകൾ ലഭിക്കുമെന്നും അൻവർ പ്രതീക്ഷിക്കുന്നു.
ഇത്തവണ വോട്ടുകൾ കൂടുതൽ നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 75212 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി നേടിയത്. തൃത്താല മണ്ഡലത്തിൽനിന്നാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. 15,640 വോട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ മത്സരിച്ച് 14,510 വോട്ടുകൾ നേടിയ പിടിച്ച പ്രഫ.വി.ടി. രമയെയാണ് ഇത്തവണ ബിജെപി പൊന്നാനിയിൽ മൽസരിപ്പിക്കുന്നത്. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്, പട്ടാന്പി സംസ്കൃത കോളജ് വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിലും സുപരിചിതയാണ് രമ.
തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണ് ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ളത്. തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ മുന്നണി സംവിധാനത്തെ ശക്തമാക്കി നിർത്തി പഴുതടച്ച പ്രചാരണത്തിനാണ് യുഡിഎഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടുകയെന്നതാണ് ലക്ഷ്യം.
അതേസമയം യുഡിഎഫിനുള്ളിൽ വിള്ളലുണ്ടാക്കി വോട്ടുകൾ നേടാനാകുമോ എന്നാണ് ഇടതുപക്ഷം പൊന്നാനിയിൽ ശ്രമിക്കുന്നത്. നാലു പതിറ്റാണ്ടായി പൊന്നാനിയിൽ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത വിജയം ഇത്തവണ കഴിയുമോയെന്നാണ് ഇടതു നേതൃത്വം ചിന്തിക്കുന്നത്.
അനുകൂല ഘടകങ്ങൾ മുന്നണികളുടെ വിലയിരുത്തലിൽ
യുഡിഎഫ്
* ന്യൂനപക്ഷ വിഭാഗങ്ങളുടെ പാർലമെന്റിലെ ശബ്ദമെന്ന ഖ്യാതി.
* ശതമാനം എംപി ഫണ്ട് വിനിയോഗിച്ചു.
* മണ്ഡലത്തിൽ പത്തുവർഷത്തെ വികസന പദ്ധതികൾ.
എൽഡിഎഫ്
* യുഡിഎഫ് സ്ഥാനാർഥിക്കെതിരേ. കോണ്ഗ്രസിൽ നിന്നുയർന്ന എതിർപ്പ്.
* പ്രാദേശിക ലീഗ്-കോണ്ഗ്രസ് ഭിന്നത.
* സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ.
എൻഡിഎ
* കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ.
* സംസ്ഥാന സർക്കാരിന്റെ ഭരണരംഗത്തെ പിന്നാക്കാവസ്ഥ.
* വിശ്വാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന.
* കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കാണിച്ച അനാസ്ഥ.
വി. മനോജ്