നിയാസ് മുസ്തഫ
നമ്മുടെ രാജ്യം പൊണ്ണത്തടിയൻമാരുടെ നാട് ആയി മാറുകയാണോ ?
അടുത്തിടെ നടന്ന സർവേ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയിൽ പൊണ്ണത്തടിയൻമാരുടെ എണ്ണം കൂടുന്നു. ഇന്ത്യയേക്കാൾ വേഗത്തിൽ പൊണ്ണത്തടിയൻമാരുടെ എണ്ണം കൂടുന്ന മറ്റൊരു രാജ്യം ഇല്ല.
പൊണ്ണത്തടിയൻമാരുടെ കാര്യത്തിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യ ഇടം നേടിയിട്ടുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. പണ്ടുകാലത്ത്, സന്പന്നരായ പാശ്ചാത്യരുടെ പ്രശ്നമായിരുന്നു പൊണ്ണത്തടി.
എന്നാലിപ്പോൾ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ പൊണ്ണത്തടി വലിയൊരു പ്രശ്നമാണ്.
ഏറ്റവും പുതിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരമാണ് പുതിയ വിവരം.
2019-21 വർഷത്തെ കണക്കുപ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 22.9 ശതമാനം പുരുഷൻമാരും 24 ശതമാനം സ്ത്രീകളും അമിത വണ്ണം ഉള്ളവരാണ്. അഞ്ചു വയസിൽ താഴെയുള്ള 3.4 ശതമാനം കുട്ടികളും അമിത വണ്ണമുള്ളവരാണ്.
2015-16ലെ കണക്ക് പ്രകാരം അമിതവണ്ണമുള്ള പുരുഷൻമാർ 18.9 ശതമാനവും സ്ത്രീകൾ 20.6 ശതമാനവും കുട്ടികൾ 2.1 ശതമാനവും ആയിരുന്നു.
ഗൗരവമായി കാണണം
പൊണ്ണത്തടിയെക്കുറിച്ച് ഇനിയെങ്കിലും ഗൗരവമായി ചിന്തിച്ചു തുടങ്ങിയില്ലെങ്കിൽ ഇതൊരു പകർച്ചവ്യാധി കണക്കെ വ്യാപകമാകുമെന്ന് ഭയപ്പെടുന്നതായി ഒബിസിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഡോ. രവീന്ദ്രൻ കുമാരൻ ചെന്നൈ വ്യക്തമാക്കുന്നു.
ഒരു വ്യക്തിക്ക് അമിതഭാരം ഉണ്ടോ ഇല്ലയോ എന്നറിയുന്നതിനുള്ള സൂചികയാണ് ബിഎംഐ (ബോഡി മാസ് ഇൻഡക്സ്). ആഗോള തലത്തിൽ ഏറ്റവും സ്വീകാര്യമായ അളവുകോലാണ് ഇത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 25ഓ അതിൽ കൂടുതലോ ബിഎംഐ ഉണ്ടെങ്കിൽ ആ വ്യക്തി അമിതഭാരം ഉള്ളയാളാണ്.
ഒരു വ്യക്തിയുടെ ഉയരവും ഭാരവും കണക്കിലെടുത്താണ് ബിഎംഐ കണക്കാക്കുന്നത്.
23 കഴിയരുത്
ദക്ഷിണേഷ്യയിൽ താമസിക്കുന്നവരുടെ ബിഎംഐ ലെവൽ ഓരോ ഘട്ടത്തിലും 25ൽനിന്ന് കുറഞ്ഞത് രണ്ട് പോയിന്റുകളെങ്കിലും കുറഞ്ഞ രീതിയിൽ ക്രമീകരിക്കേണ്ടതുണ്ടെന്ന് ഡോ. കുമേരൻ പറയുന്നു.
ദക്ഷിണേഷ്യക്കാരിൽ വയറിൽ എളുപ്പത്തിൽ കൊഴുപ്പ് കൂടുന്നു. ദക്ഷിണേഷ്യയിൽ 23 ബിഎംഐ ഉള്ള ഏതൊരാളും അമിത വണ്ണക്കാരായി കണക്കാക്കണമത്രേ.
അമിതഭാരത്തിന്റെ കട്ട് ഓഫ് പോയിന്റായി 23 എടുക്കുകയാണെങ്കിൽ ഇന്ത്യയിലെ നഗര ജനസംഖ്യയുടെ പകുതിപേരും അമിതഭാരമുള്ളവരായിരിക്കുമെന്ന് ഡോ. കുമാരൻ പറയുന്നു.