മുക്കം: കോവിഡിനെ തുടർന്നുണ്ടായ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്ന യുവാവിനായി കാരുണ്യ യാത്ര നടത്തി രണ്ട് ബസുകൾ. പൊന്നു ഗ്രൂപ്പിന്റെ ബസുകളാണ് പാഴൂർ സ്വദേശിയായ നാരങ്ങാളി പുലക്കുത്ത് സലീമിന്റെ ചികിത്സാവശ്യാർഥം തിങ്കളാഴ്ച സർവീസ് നടത്തിയത്.
കോഴിക്കോട് – മാവൂർ – അരീക്കോട് റൂട്ടിലും കോഴിക്കോട് മാവൂർ – ചേന്ദമംഗല്ലൂർ – മുക്കം റൂട്ടിലും സർവീസ് നടത്തുന്ന ഈ ബസുകളുടെ ഇന്നലത്തെ വരുമാനം മുഴുവനും ഈ യുവാവിന് വേണ്ടിയായിരുന്നു. ബസിലെ ജീവനക്കാർ അവരുടെ കൂലിയും ചികിത്സ സഹായത്തിനായി നൽകി.
കൈ കോർക്കാം സലീമിനായി പൊന്നു ഗ്രൂപ്പിന്റെ കാരുണ്യ യാത്ര എന്ന ബാനർ പതിച്ചാണ് ബസുകൾ ഓടിയത്. അത് കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്നും ലഭിച്ചത്. പലരും ബാലൻസ് വാങ്ങാതെയും അധിക തുക നൽകിയും സഹകരിച്ചതായി ജീവനക്കാർ പറയുന്നു.
കോവിഡ് മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിട്ട മേഖലയാണ് ബസ് വ്യവസായ മേഖല. മാസങ്ങളോളം ബസ് നിർത്തിയിട്ടതോടെ ഉടമകൾക്കും തൊഴിലാളികൾക്കും വലിയ പ്രയാസമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലും അതെല്ലാം മറന്നാണ് ഒരു യുവാവിന്റെ ചികിത്സയ്ക്കായി ബസ് ഉടമകളും തൊഴിലാളികളും ഈ സത്കർമത്തിന് മുതിർന്നത്.