സി.അനിൽകുമാർ
പാലക്കാട്: കുപ്പത്തൊട്ടിയിൽ മാണിക്യമുണ്ടെങ്കിൽ മണ്തരികളിൽ പൊന്നുമുണ്ട്. ഇതു കഥയല്ല. പാഴ്മണ്തരികളിൽനിന്നു പൊന്നരിച്ചെടുക്കുന്ന ജീവിതനേർകാഴ്ചകൾതന്നെ സാക്ഷ്യം. പൊന്നിനുവേണ്ടി തട്ടിപ്പും കൊള്ളയടിക്കലുംവരെ നടക്കുന്ന വർത്തമാനകാലത്തിലാണ് മണ്ണിൽനിന്നും സ്വർണത്തരികൾ വേർതിരിച്ചെടുക്കുന്ന തമിഴ് മങ്കമാരുടെ ഉപജീവനകാഴ്ച നഗരജീവിതങ്ങളിൽ വേറിട്ടുനിൽക്കുന്നത്. കാണുന്പോൾ കൗതുകംതോന്നാം.
എന്നാൽ ഒരു തൊഴിലിനുവേണ്ടിയും ഒരു ചാണ് വയറിനു വേണ്ടിയുമാണ് ഭാഷയും ദേശവും നോക്കാതെ ദൂരങ്ങൾ താണ്ടി ഇവരെത്തുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചി കോട്ടൂർ സ്വദേശിനികളായ സലോമി, മലർ, ശെൽവി എന്നിവരടങ്ങിയ മൂവർസംഘമാണ് പൊന്നരിച്ചെടുക്കുന്ന ജോലി ചെയ്യുന്നത്.
കാലങ്ങളായി ഇത്തരം തൊഴിലിലേർപ്പെട്ടവരാണ് ഇവർ. മുന്പ് സലോമിയുടെ അമ്മയാണ് വന്നിരുന്നത്. വാർധക്യാവശതയിൽ ഇവർ കിടപ്പിലായതോടെ സലോമിയും ഈ പാത പിന്തുടരുന്നു. നഗരത്തിലെയും പരിസരങ്ങളിലെയും ജ്വല്ലറികളിൽനിന്നും സ്വർണാഭരണ പണിശാലകളിൽനിന്നും പുറന്തള്ളപ്പെടുന്ന മണ്ണിലാണ് ഇവർ സ്വർണത്തരികൾ തേടുന്നത്. സ്വർണത്തരികൾമാത്രമല്ല, വെള്ളിപ്പൊട്ടുകളും ചികഞ്ഞുകണ്ടെത്തും ഇവർ.
പാലക്കാട്, തൃശൂർ ജില്ലകളിലായുള്ള ജ്വല്ലറികളിൽ വർഷങ്ങളായി ഇത്തരത്തിൽ മണ്ണിൽനിന്നും പൊന്നു തെരയുന്ന തൊഴിലാളികളേറെയാണ്. രാവിലെ പൊള്ളാച്ചിയിൽനിന്നുമെത്തുന്ന ഇവർ തങ്ങളുടെ സ്ഥിരം ജ്വല്ലറികളിലും ആഭരണശാലകളിലുമെത്തും. അവിടെ, പുറംഭാഗത്തെ മണ്ണ് അടിച്ചുകൂട്ടി ചാക്കുകളിലാക്കും.
ഇതു പിന്നീട് റെയിൽവെ ട്രാക്കിനോടു ചേർന്ന അഴുക്കുചാലുകളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുറം ഉപയോഗിച്ച് കുറശെയായി അരിച്ചെടുക്കും. ഇങ്ങനെ അരിച്ചെടുക്കുന്പോഴാണ് ചെറിയ ചെറിയ പൊൻതരികളും വെള്ളിത്തുണ്ടുകളും ലഭിക്കുന്നത്.
ഓരോരുത്തർക്കും കിട്ടുന്ന തരികൾ പാത്രത്തിലാക്കി പൊള്ളാച്ചിയിൽ കൊണ്ടുപോയി വിൽക്കുകയുമാണ് പതിവ്. ആൾക്കുവീതം 300-400 രൂപയുടെ ലോഹത്തരികൾ കിട്ടുമെന്ന് ഇവർ പറയുന്നു. രാവിലെ വന്നാൽ് വൈകുന്നേരമുള്ള ട്രെയിനിൽ തിരിച്ചുപോകുകയും ചെയ്യും.
ആഴ്ചയിലോ 10 ദിവസം കൂടുന്പോഴാ ആണ് ഒരു സ്ഥലത്തു വീണ്ടും പോവുന്നത്. സ്ഥിരമായെത്തുന്നതുകൊണ്ടും സ്ഥാപനങ്ങളോടു നീതിയും സത്യവും പുലർത്തുന്നതുകൊണ്ടും ഇവരെ സ്ഥാപനങ്ങൾക്കും വിശ്വാസമാണെന്ന് ഇവർതന്നെ പറയുന്നു.
ബസുകളിൽ മാലമോഷണം നടത്തിയും കഞ്ചാവ് കടത്തിയും പിടിക്കപ്പെടുന്ന തമിഴ്മക്കളിൽനിന്നും വേറിട്ട് ഇവർ സത്യസന്ധതയുടെ ജീവിതംകൂടി വരച്ചുകാണിക്കുന്നു. പൊതുനിരത്തുകളിലെ മാലിന്യത്തിൽനിന്നു പ്ലാസ്റ്റിക്കും കുപ്പികളും പെറുക്കിയും, വ്യവസായിക മേഖലകളിലെ ഇരുന്പു പെറുക്കിയും, പാഴ്മണ്ണിൽനിന്നു പൊന്നു തെരഞ്ഞും മെനയുന്ന ഈ ജീവിതങ്ങളെല്ലാം അതിജീവനത്തിന്റെ കണ്ണീർക്കാഴ്ചകളിലേക്കുകൂടിയാണ് വിരൽചൂണ്ടുന്നത്.