വടക്കഞ്ചേരി: അഞ്ചുവയസുകാരി വിമ്യയുടെ ചികിത്സാചെലവിനുള്ള പണം കണ്ടെത്താൻ അനുഗ്രഹ ബസിനു പിന്നാലെ വടക്കഞ്ചേരി-കണിച്ചിപ്പരുത-പനംങ്കുറ്റി റൂട്ടിലോടുന്ന പൊന്നൂസ് ബസ് നാളെ കാരുണ്യയാത്ര നടത്തും.വള്ളിയോട് മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് ബസുടമ അവറാച്ചൻ ഈ സൽപ്രവൃത്തി നടത്തുന്നത്.
യാത്രക്കാരുടെ കാരുണ്യ സംഭാവനയ്ക്കൊപ്പം റൂട്ടിലെ പ്രധാന സെന്ററുകളിൽനിന്നും ധനസമാഹരണം നടത്തുമെന്ന് സൗഹൃദ ജനറൽ കണ്‍വീനർ ശ്രീനാഥ് പറഞ്ഞു.കൂലിപ്പണിക്കാരായ കിഴക്കഞ്ചേരി തച്ചക്കോട് മണികണ്ഠൻ-വിജയകുമാരി ദന്പതികളുടെ ഏകമകളായ വിമ്യയുടെ ഒരു വൃക്കയ്ക്ക് പഴുപ്പ് ബാധിച്ചിരിക്കുകയാണ്. അടുത്തതിലേക്ക് രോഗം ബാധിക്കാതിരിക്കാൻ പഴുപ്പുബാധിച്ച വൃക്ക നീക്കം ചെയ്യണം.
ഇതിനുള്ള ഓപ്പറേഷനും തുടർചികിത്സയ്ക്കുമായി പത്തുലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിട്ടുള്ളത്.വിമ്യയുടെ ചികിത്സാനിധിയിലേക്ക് കഴിഞ്ഞദിവസം വടക്കഞ്ചേരി-പുതുക്കോട് റൂട്ടിലോടുന്ന അനുഗ്രഹ ബസ് കാരുണ്യയാത്ര സംഘടിപ്പിച്ച് 53,000 രൂപ സമാഹരിച്ചിരുന്നു.