കോട്ടയം: പള്ളിയിൽ മോഷണം നടത്തുന്നതിനിടയിൽ രണ്ടംഗ സംഘം പിടിയിലായതോടെ തെളിയുന്നതു നിരവധി മോഷണക്കേസുകൾ.
അയർക്കുന്നം അമയന്നൂർ വരകുമല കോളനി തേവർ വടക്കേതിൽ ശരത്ത് (23), തിരുവഞ്ചൂർ നരിമറ്റം സരസ്വതി വിലാസത്തിൽ അശ്വിൻ (19) എന്നിവരെയാണ് ഇന്നലെ പുലർച്ചെ പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി ഈസ്റ്റ് പോലീസിനു കൈമാറിയത്.
നാളുകൾക്കു മുന്പ് കോട്ടയം ഇറഞ്ഞാൽ ക്ഷേത്രത്തിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയതും പാന്പാടിയിൽനിന്നു മൂന്നു ബൈക്കുകൾ മോഷ്്ടിച്ചതും തങ്ങളാണെന്ന് ഇവർ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
ഈ രണ്ടു കേസുകളിലും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇവരെക്കുറിച്ചും സമീപകാലത്ത് നടന്ന പല മോഷണങ്ങളെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മോഷണത്തിലുടെ ലഭിക്കുന്ന പണം ഇവർ ആഡംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. നേർച്ചപ്പെട്ടിയിൽനിന്നും ലഭിച്ചിരുന്ന ചില്ലറ നാണയങ്ങൾ വിവിധ കടകളിൽ നല്കി നോട്ടുകളാക്കി മാറ്റിയെടുക്കുകയാണ് ചെയ്തിരുന്നത്.
100 രൂപ വരെയുള്ള ചില്ലറ നാണയങ്ങളാണ് ഇവർ കടകളിൽ നല്കിയിരുന്നത്. കടകളിൽനിന്നും ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിയശേഷം 500ന്റെ നോട്ടുകളാണ് ഇവർ നല്കിയിരുന്നത്.
ഈസമയം കടയുടമ ചില്ലറ ചോദിക്കും. ഈ സാഹചര്യത്തിലായിരുന്നു ചില്ലറ നാണയങ്ങൾ നല്കി നോട്ടുകൾ വാങ്ങിയിരുന്നത്. ഇത്തരത്തിൽ ചില്ലറ നായണങ്ങൾ മാറ്റിയെടുക്കാൻ ഇവർക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പതിവായി ചില്ലറ നാണയങ്ങൾ മാറ്റുന്നതിനും മോഷണം നടത്തുന്നതിനും ഇവർ കറങ്ങിനടന്നിരുന്നതു മോഷ്്ടിച്ചെടുക്കുന്ന ബൈക്കുകളിലാണ്. മോഷ്്ടിച്ചെടുക്കുന്ന ബൈക്ക് കുറച്ചുദിവസം ഉപയോഗിച്ചശേഷം ഉപേക്ഷിക്കുകയാണ് പതിവ്.
ഇന്നലെ മോഷണം നടത്തുന്നതിനു പൊൻപള്ളി പള്ളിയിൽ എത്തിയതും ഇവർ അയർക്കുന്നത്തുനിന്നും മോഷ്്ടിച്ചെടുത്ത ബൈക്കിലായിരുന്നു. ഇത്തരത്തിൽ സഞ്ചരിക്കുന്പോൾ പോലീസ് പരിശോധന കണ്ടാൽ ബൈക്ക് ഉപേക്ഷിച്ചു കടന്നുകളയുകയാണ് ഇവരുടെ പതിവ് രീതി.
ആരാധനാലയങ്ങളിലെ നേർച്ചപ്പെട്ടികൾ കുത്തിത്തുറന്നാണ് ഇവർ പതിവായി മോഷണം നടത്തിയിരുന്നത്. പകൽ സമയങ്ങളിൽ എത്തി സിസിടിവി സ്ഥാപിക്കാത്ത ആരാധനാലയങ്ങൾ കണ്ടുവയ്ക്കും.
തുടർന്നു അർധരാത്രിയോടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു ഏതെങ്കിലും ബൈക്ക് മോഷ്്ടിച്ചു കണ്ടുവച്ചിരിക്കുന്ന സ്ഥലങ്ങളിൽ എത്തി നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം നടത്തി പുലർച്ചെ നാലിനു മുന്പ് തിരികെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തുകയായിരുന്നു ചെയ്തിരുന്നത്.
നേർച്ചപ്പെട്ടി കുത്തിത്തുറക്കാൻ ആയുധങ്ങൾ കൊണ്ടു പോകുന്ന രീതി ഇവർക്കില്ല.പൊൻപള്ളി പള്ളിയിലെ നേർച്ചപ്പെട്ട കുത്തിത്തുറക്കുന്ന ശബ്്്ദം സമീപവാസി കേട്ടതോടെയാണ് ഇവരുടെ പദ്ധതി പൊളിഞ്ഞത്.
ശബ്്ദം കേട്ടു മോഷണമാണെന്ന് തിരിച്ചറിഞ്ഞ സമീപവാസി മറ്റ് അയൽവാസികളെ ഫോണിൽ വിവരമറിയിച്ചു. നാട്ടുകാർ സംഘടിച്ചെത്തുകയായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐ എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.