മൂന്നാർ: മന്ത്രി എം.എം.മണിയുടെ വിവാദപരാമർശത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ സമരം നടത്തിവരുന്ന പൊമ്പിള ഒരുമൈ നേതാക്കളുടെ ആരോഗ്യസ്ഥിതി മോശമായി. ഇന്ന് അവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കുവാൻ സാധ്യത. അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ ഉണ്ടാകാനുള്ള പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയോടെയാണ് പൊന്പിള ഒരുമൈ മൂന്നാറിൽ സമരമാരംഭിച്ചത്. എന്നാൽ മന്ത്രി മണി മാപ്പ് പറയില്ലെന്നു പറഞ്ഞതോടെ സമരത്തിന്റെ മൂന്നാം നാളിൽ നിരാഹാരം തുടങ്ങുകയായിരുന്നു.
പൊന്പിള ഒരുമെെ നേതാക്കളായ ഗോമതി അഗസ്റ്റിൻ, കൗസല്യ തങ്കമണി, രാജേശ്വരി എന്നിവരാണ് സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിച്ചു വന്നിരുന്നത്. ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മൂവരുടെയും അരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ആരോഗ്യസ്ഥിതി ദുർബലമാണെന്ന് കണ്ടതോടെ പോലീസ് ഇവരെ ആശുപത്രിയിൽ എത്തിക്കുവാൻ ശ്രമിച്ചെങ്കിലും സമരനേതാക്കൾ സമരപ്പന്തലിൽ തന്നെ തുടരുവാൻ തീരുമാനിക്കുകയായിരുന്നു.
തളർന്നു തുടങ്ങിയ സമരനേതാക്കളോടൊപ്പം കോണ്ഗ്രസ് നേതാക്കളായ ലതിക സുഭാഷും ഷാനിമോൾ ഉസ്മാനും പന്തലിൽ തന്നെയുണ്ട്. അതേ സമയം സമരത്തിന് ഓരോ ദിവസവും പിന്തുണയേറുന്നതാണ് കാണുവാൻ കഴിയുന്നത്. സമരത്തിന് ജനപിന്തുണയില്ലെന്നും നാലു പേർ മാത്രമാണ് സമരം നടത്തുന്നതെന്നും പരിഹസിച്ച മുഖ്യമന്ത്രിയുടെയും മണിയുടെയും നിലപാടിനെ തുടർന്ന് നിരവധി സാമൂഹ്യ സംഘടനകളാണ് മൂന്നാറിലേക്ക് കടന്നുവരുന്നത്.
പ്രതിഷേധത്തിൽ പിന്തുണയുമായെത്തുന്ന സംഘടനകളിൽ ഏറെയും ദളിത് അവകാശ സംരക്ഷണ വിഭാഗങ്ങളാണെന്നതും ശ്രദ്ധേയമായി. പിന്നോക്കക്കാരുടെ അവകാശ സംരക്ഷണ സമിതിയായ സി.എസ്.ഡി.എസിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം ഇന്നലെ മൂന്നാറിൽ നടന്നു.
സമരത്തിന് രണ്ടാം നിരയില്ലാത്തത് മൂലം നിരാഹാരം അവസാനിപ്പിക്കേണ്ടി വന്നാലും പ്രതിഷേധം അയവില്ലാതെ തുടരുന്നതിനുള്ള സാഹചര്യങ്ങളാണ് കാണുന്നത്. കോണ്ഗ്രസും ബിജെപിയ ു മടക്കമുള്ള മറ്റു കക്ഷികളും പിന്തുണമായി ആദ്യം മുതൽ ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവർ സമരം അവസാനിപ്പിക്കുന്ന പക്ഷം സമരം ഇവരുടെ പക്കൽ നിന്ന് രാഷ്ട്രീയ പാർട്ടികളിലേക്ക് വഴിമാറിയേക്കാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്.