കോട്ടയം: പൊന്തൻപുഴ വനഭൂമിയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽനിന്ന് സർക്കാരിനേറ്റ തിരിച്ചടിയിൽ പ്രക്ഷോഭത്തിനൊരുങ്ങി കോണ്ഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊന്തൻപുഴയിലെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി നാളെ കൂടിക്കാഴ്ച നടത്തും. പൊന്തൻപുഴ വനത്തിൽ 7,000 ഏക്കർ സംരക്ഷിത വനഭൂമിയല്ലെന്നു കഴിഞ്ഞ ജനുവരി 11നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. വനഭൂമിയിൽഅവകാശ മുന്നയിച്ച് 283 സ്വകാര്യ വ്യക്തികൾ നൽകിയ കേസിലായിരുന്നു വിധി.
പൊന്തൻപുഴ വനത്തിന്റെ വിവിധ പ്രദേശങ്ങളായ കറിക്കാട്ടൂർ 1904ലും ആലപ്ര 1906ലും വലിയകാവ് 1908ലുമാണ് സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. വലിയകാവ്, ആലപ്ര പ്രദേശങ്ങളെ സംരക്ഷിത വനമായി പ്രഖ്യാപിച്ച വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിൽ കറിക്കാട്ടൂരുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ നേരത്തെ തന്നെ സർക്കാരിന് അനുകൂലമായി വിധിച്ചിട്ടുണ്ട്.
കറിക്കാട്ടൂർ റിസർവ് വനത്തിന് നിയമസാധുത നൽകുന്ന നേരത്തെയുള്ള വിധി ആലപ്ര, വലിയകാവ് പ്രദേശങ്ങൾക്ക് മുഴുവൻ നിയമസാധുത നൽകുന്ന വിധിയായി വനംമന്ത്രി ചിത്രീകരിക്കുകയാണ്.വസ്തുതകൾ ഇതായിരിക്കേ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകാൻ ഹൈക്കോടതി വിധിച്ചിട്ടില്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന കണ്ണിൽപ്പൊടിയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വനമായ പൊന്തൻപുഴ വനത്തെ സ്വകാര്യവ്യക്തികൾക്കു തീറെഴുതാൻ സർക്കാർതലത്തിൽ ഗൂഢാലോചന നടക്കുകയാണെന്ന് ആരോപിച്ചാണു പ്രക്ഷോഭം. കോടതിയെ സർക്കാർ അഭിഭാഷകൻ വസ്തുതകൾ അറിയിച്ചില്ല. ആലപ്ര, മുക്കട, ചാരുവേലി, പൊന്തൻപുഴ, പെരുന്പെട്ടി, മേലേൽക്കവല തുടങ്ങിയ സ്ഥലങ്ങളിൽ പട്ടയം കാത്തിരിക്കുന്ന ആയിരത്തിലേറെ കുടുംബങ്ങളേയും വിധി ബാധിക്കും.
ഈ വിഷയങ്ങളെല്ലാം ഉയർത്തിക്കാട്ടി പ്രദേശങ്ങളെ ജനങ്ങളെ സംഘടിപ്പിക്കാനാണു പാർട്ടി തീരുമാനം. ഇതിന്റെ തുടക്കമെന്ന നിലയിലാണ് രമേശ് ചെന്നിത്തലയുടെ സന്ദർശനം. നാലിന് രാവിലെ 10നു പൊന്തൻപുഴയിലെത്തുന്ന ചെന്നിത്തല ഉച്ചവരെ നാട്ടുകാരെ നേരിൽക്കാണും.