പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കിലെ പൊന്തന്‍പുഴ വലിയകാവ് വനസംരക്ഷണ പട്ടയ സമരസമിതി നേതാക്കള്‍ പണപ്പിരിവും സ്വത്തു സമ്പാദനവും നടത്തുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്കി.
പൊന്തന്‍പുഴ വലിയകാവ് വന സംരക്ഷണ പട്ടയ സമരസമിതി നേതാക്കള്‍ സര്‍ക്കാര്‍ സ്ഥലം അതിക്രമിച്ച് പുതിയ നിര്‍മാണങ്ങള്‍ നടത്തുന്നു, നിലവിലുള്ള സൗകര്യങ്ങളെ തടസപ്പെടുത്തുന്നു, സര്‍ക്കാര്‍ സ്ഥലത്തു കൂടി കടന്നു പോകുന്ന റോഡ്, തോട്, വഴി എന്നിവയ്ക്ക് മാറ്റം വരുത്തുന്നു, സര്‍ക്കാര്‍ സംവിധാനങ്ങളെയും ജില്ലാ കളക്ടറെയും ചൂഷണം ചെയ്യുന്ന തരത്തില്‍ അധികാരങ്ങളും ചുമതലകളും ലഭിച്ചിട്ടുണ്ടെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
ഭൂരഹിതര്‍ക്കും രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും പട്ടയം ലഭ്യമാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ജില്ലാ കളക്ടര്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തനങ്ങളുടെ മറവില്‍ പണപ്പിരിവ് നടത്തുന്നതിനും സ്വത്ത് സമ്പാദനത്തിനുമായി സമരസമിതി നേതാക്കള്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കു നല്കിയ കത്തില്‍ പറയുന്നു.
മല്ലപ്പള്ളി താലൂക്കില്‍ പെരുമ്പെട്ടി വില്ലേജില്‍ വലിയകാവ് പ്രദേശത്തെ കൈവശക്കാരുടെ ഭൂമി വനത്തിന്റെ പരിധിക്ക് പുറത്താണോ പരിധിയ്ക്കുള്ളിലാണോ എന്നതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നതിനാല്‍ കൈവശക്കാര്‍ക്ക് പട്ടയം നല്‍കിയിരുന്നില്ല. ഈവര്‍ഷം ജനുവരി 10ന് റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാന പ്രകാരം പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.
പെരുമ്പെട്ടി വില്ലേജിലെ നിര്‍ദിഷ്ട പ്രദേശം മാര്‍ച്ച് എട്ടിന് സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ പട്ടയ സമരസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രദേശവാസികളെ അറിയിക്കുകയും ചെയ്തിരുന്നു.