പെരുന്പെട്ടി: പൊന്തൻപുഴ വനഭൂമിയെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ ഉത്തരവിനേത്തുടർന്ന് വിവാദമായ സ്ഥലത്ത് വനംമന്ത്രി കെ. രാജു എത്തിയതിൽ പ്രതീക്ഷയേറിയത് സ്ഥലവാസികൾക്കാണ്. വർഷങ്ങളായി കൈവശം വച്ചനുഭവിക്കുന്ന തങ്ങളുടെ സ്ഥലത്തിന് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
എരുമേലി റേഞ്ചിനു കീഴിലുള്ള ആലപ്ര, റാന്നി റേഞ്ചിനു കീഴിലുള്ള വളക്കുടി ചതുപ്പ്, പെരുന്പെട്ടി, പന്നയ്ക്കപതാൽ, മേലേ കവല എന്നിവിടങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. എല്ലാ സ്ഥലത്തും മന്ത്രിയെ കാണുന്നതിന് വൻ ജനാവലി എത്തിയിരുന്നു. ജനങ്ങളുമായി ആശയവിനിമയം നടത്തിയ മന്ത്രി ഇപ്പോൾ പ്രചരിക്കുന്ന ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നിയമാനുസൃത കൈവശക്കാർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ ഉൗർജിതപ്പെടുത്തുമെന്നും ഉറപ്പു നൽകുകയും ചെയ്തു.
മുന്പ് കൈവശാവകാശ രേഖ ലഭിച്ചവരാണ് ഇതിൽ ഏറെപ്പേരും. ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിൽ പൊന്തൻപുഴ വനഭൂമി സ്വകാര്യവ്യക്തികളുടേതാകുമെന്ന പ്രചാരണം ഉണ്ടായതോടെ പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ സ്ഥലത്തു സന്ദർശനം നടത്തുകയും നിയമസഭയിൽ വിഷയം ഉന്നയിക്കപ്പെടുകയും ചെയ്തു.
എന്നാൽ ഹൈക്കോടതി ഉത്തരവിൽ ആശങ്ക വേണ്ടെന്ന് നിലപാടാണ് സ്ഥലത്തെത്തിയ മന്ത്രി കെ. രാജു സ്വീകരിച്ചത്. ഹൈക്കോടതി ഉത്തരവിൽ വനഭൂമി സ്വകാര്യഭൂമിയാണെന്ന തരത്തിൽ പരാമർശമില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചു. നിലവിലുള്ള നിയമപ്രകാരം ഒരു തുണ്ടു വനഭൂമിയും സ്വകാര്യ വ്യക്തികളുടേതാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ റിവ്യു ഹർജി നൽകുന്നുണ്ടെന്നും ഇതോടെ പൊന്തൻപുഴയെ സംബന്ധിച്ച ആശങ്ക നീങ്ങുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
രാജു ഏബ്രഹാം എംഎൽഎ, വിവിധ ജനപ്രതിനിധികൾ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി. ജയൻ, ഓമല്ലൂർ ശങ്കരൻ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.