പെരുന്പെട്ടി: പൊന്തൻപുഴ വനമേഖല കൈവശപ്പെടുത്താൻ ചിലർ വ്യാജ രേഖയുടെ ബലത്തിൽ നടത്തുന്ന നീക്കത്തിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തിരുവല്ല ആർഡിഒ ടി.കെ. വിനീത്. വനഭൂമിയെപ്പറ്റി പഠിക്കാനും കൈവശഭൂമി കൃഷിഭൂമിയാണോയെന്ന പരിശോധനയ്ക്കുമായി നാളെ ആർഡിഒയും സംഘവും എത്തും.
വനംകൈയേറ്റക്കാരിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്നും വ്യാജരേഖകളുടെ ബലത്തിൽ നടത്തുന്ന കൈയേറ്റ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓഫീസിൽ എത്തിയ പൊന്തൻപുഴ – പെരുന്പെട്ടി വനസംരക്ഷണ സമിതി പ്രവർത്തകരായ പി.എൻ.ഗോപിനാഥ പിള്ള, കണ്‍വീനർ സന്തോഷ് പെരുന്പട്ടി, വൈസ് ചെയർമാൻ പി.കെ.കുട്ടപ്പൻ, ജോയിന്റ് കണ്‍വീനർമാരായ ജയിംസ് കണ്ണിമല, ഓ.ടി.രാജമ്മ, പി.ബി.രാജൻ എന്നിവരോട് സംസാരിക്കുകയായിരുന്നു ആർഡിഒ.
വനത്തിനു മേൽ അവകാശം ഉന്നയിച്ച് ഇപ്പോൾ നിരവധി പേർ പൊന്തൻപുഴ, പെരുന്പട്ടി മേഖലയിൽ റോന്തു ചുറ്റുകയാണെന്ന് വനസംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. വ്യാജ രേഖകളുടെ ബലത്തിൽ കരം അടച്ച രസീതുമായാണ് ഭൂമാഫിയ വില്ലേജ് ഓഫീസുകളിൽ കയറി ഇറങ്ങുന്നത്. ഇത്തരം വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
പൊന്തൻപുഴ വനത്തെപ്പറ്റി പഠിക്കാൻ നിയമസഭയിൽ നിന്നും അന്വേഷണ സമിതിയെ നിയമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതിയുടെ ആഭിമുഖ്യത്തിൽ പെരുന്പെട്ടിയിൽ ആരംഭിച്ച സത്യഗ്രഹസമരം തുടരുകയാണ്.ആർഡിഒയുടെ പക്കൽ നിന്നും അനുകൂല നിലപാടാണ് ഉണ്ടായതെന്ന് വനസംരക്ഷണ സമിതി നേതാവ് ജയിംസ് കണ്ണിമല പറഞ്ഞു.
തുടർന്ന് തിരുവല്ല ഡിവൈഎസ്പിയെ സന്ദർശിച്ച സംഘം സമരസമിതിക്കു നേരെ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി പരാതി പറഞ്ഞു. വനമാഫിയ ഏർപ്പെടുത്തിയിട്ടുള്ള ഗുണ്ടകളാണ് സമരപന്തലിനും ബാനറുകൾക്കും നേരെ അക്രമം നടത്തുന്നതെന്ന് അവർ വ്യക്തമാക്കി.