അമ്പലപ്പുഴ: ട്രോളിംഗ് നിരോധനത്തിനുശേഷം മാര്‍ക്കറ്റുകളില്‍ മത്സ്യങ്ങള്‍ വന്നുതുടങ്ങി. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങാത്ത ശുദ്ധമായ മത്സ്യം വാങ്ങാനുള്ള തിരക്കാണ് മാർക്കറ്റുകളിൽ.
പുലര്‍ച്ചെ അമ്പലപ്പുഴയിലെ ചാകരത്തീരത്തെ തിരക്ക് മണിക്കൂറോളം നീണ്ടുനില്‍ക്കും. വിലക്കുറവില്‍ ഐസുപോലും കലരാത്ത മീനുകള്‍ തേടിയാണ് ആവശ്യക്കാര്‍ എത്തുന്നത്.
ചില്ലറ വില്‍പ്പന ഇല്ലാത്തതിനാല്‍ കുട്ടയില്‍ നിറച്ച മീന്‍ ലേലം വിളിച്ചെടുക്കും. പിന്നീട് അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും വീതം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. നാരന്‍ ചെമ്മീനാണ് കൂടുതലും കിട്ടുന്നത്.
മാര്‍ക്കറ്റുകളില്‍ 250 മുതല്‍ 300 രൂപ ഒരു കിലോ ചെമ്മീന്‍ വിലവരുന്നത്. എന്നാൽ തീരത്ത് ഇത് 180 രൂപയ്ക്ക് ലഭിക്കും. കൂടാതെ പൊടിമീനും, ചെറിയ അയലയും തീരത്ത് സുലഭമാണ്.
ഉച്ചയ്ക്ക്ശേഷം നല്ല മീന്‍വാങ്ങാനായി പൊന്തുവള്ളക്കാരെയാണ് ആശ്രയിക്കുന്നത്. പൊന്തുവള്ളങ്ങളില്‍ പിടിക്കുന്ന മീന്‍ വലയോടുകൂടി വാഹനങ്ങളില്‍ കയറ്റി ദേശിയപാതയോരത്ത് കൊണ്ടുവരും.
വലയില്‍നിന്നും നീക്കുന്ന മീന്‍വാങ്ങാന്‍ നിരവധിപേരാണ് കാത്തുനില്‍ക്കുന്നത്. കച്ചവടക്കാരും ഇടനിലക്കാരും മതിയായ വില നല്‍കാത്തതിനാലാണ് പൊന്തുവള്ളക്കാര് ആവശ്യക്കാരെത്തേടി ദേശീയപാതയോരത്ത്എത്തുന്നത്.
മായം കലര്‍ത്താത്തതും ഐസ് ഇടാത്തതുമായതിനാല് ദൂരെ നിന്ന് വരുന്ന യാത്രക്കാർ പോലും ഇവരില്‍നിന്നും മീന്‍ വാങ്ങിയാണ് മടങ്ങുന്നത്.
തീരത്തോട് ചേര്‍ന്ന് വലനീട്ടി മത്സ്യബന്ധനം നടത്തുന്ന പൊന്തുവള്ളങ്ങളില്‍ ഞണ്ട്, ചെമ്മീന്‍, മാന്തല്‍, അയല തുടങ്ങിയവയാണ് അധികവും കിട്ടാറുള്ളത്.
കൂടുതല്‍ മഴ ലഭിക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലെ ഞണ്ടിനാണ് പ്രിയമേറെ. ഈ മാസങ്ങളില്‍ പിടിക്കുന്ന ഞണ്ടിന് കൂടുതല്‍ മാംസവും രുചിയുമുള്ളതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
തോട്ടപ്പള്ളി മുതല്‍ പറവൂര്‍ തീരംവരെ നൂറുകണക്കിന് പൊന്തുവള്ളങ്ങളാണ് മത്സ്യബന്ധനം നടത്തുന്നത്.