പൂച്ചാക്കൽ: അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം യുവതിക്ക് മോശം സന്ദേശം അയച്ചതിനെച്ചെല്ലിയുള്ള തർക്കത്തെ തുടർന്ന്.
തൈക്കാട്ടുശേരി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ രോഹിണിയിൽ വിപിൻ ലാൽ (37) ആണ് അഞ്ചംഗസംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്. പ്രതികളിൽ ഒരാളായ തൈക്കാട്ടുശേരി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സുജിത്(27) നെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസ് പറയുന്നത്
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ.കഴിഞ്ഞ ദിവസം പ്രതികളിൽ ഒരാളുടെ അച്ഛന്റെ ഫോണിൽ നിന്നു വിപിന്റെ സുഹൃത്തുക്കളായ വിവേക്, അനീഷ് എന്നിവരിൽ ഒരാളുടെ സഹോദരിയുടെ ഫോണിലേക്ക് മോശം സന്ദേശം അയച്ചിരുന്നു.
ഇതിനെ വിപിൻ ലാലും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സംഭവദിവസം രാത്രി പതിനൊന്നോടെ മാരക ആയുധങ്ങളുമായി വന്ന പ്രതികൾ വിപിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയ്ക്ക് അടിയേറ്റ് നിലത്തു വീണ വിപിനെ സുഹൃത്തുക്കൾ തുറവൂർ ഗവൺമെൻ്റ് ആശുപത്രിയിലും അവിടന്ന് വണ്ടാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിയുടെ ഉടമയാണ് മരിച്ച വിപിൻ ലാൽ.
മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.