പൂച്ചാക്കൽ: വേനൽക്കാലത്തെ ജനപ്രിയ ഇനമായ തണ്ണിമത്തൻ, മനസ്സുവെച്ചാൽ സ്വന്തം നാട്ടിലും വിളയിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് യുവകർഷകൻ. കൃഷി വകുപ്പിന്റെ സഹായവും കൂടി ചേർന്നതോടെ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ സ്വദേശി വി.പി. സുനിലിന്റെ അധ്വാനത്തിന് സാഫല്യമായി.
അന്യസംസ്ഥാനങ്ങളിൽ നിന്നും ലോറികളിൽ ലോഡുകണക്കിന് തണ്ണി മത്തൻ ഇറക്കിയിരുന്ന ആലപ്പുഴ ജില്ലയിൽ തനതു തണ്ണി മത്തൻ വിളയിക്കാനായതിന്റെ സന്തോഷത്തിലാണ് സുനിലും ഭാര്യ രോഷ്നിയും. പാട്ടത്തിനെടുത്ത ഏഴ് ഏക്കർ വരുന്ന ആനക്കുഴിയ്ക്കൽ പാടത്തെ രണ്ട് ഏക്കറിൽ തികച്ചും ജൈവ കൃഷിരീതിയിലാണ് തണ്ണി മത്തൻ വിളയിച്ചത്.
വിളവെടുപ്പ് ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു നിർവഹിച്ചു. ആദ്യ വില്പ്പന ചലച്ചിത്രതാരം ചേർത്തല ജയൻ നടത്തി. കൃഷി അസ്സിസ്റ്റൻറ് സുരേഷ്, എ.ടി സുരേഷ്ബാബു, ബി.എൻ സുരേന്ദ്രൻ, വി.പി കനകപ്പൻ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.
വിളവെടുപ്പ് വിവരം അറിഞ്ഞ് തണ്ണിമത്തൻ വാങ്ങുന്നതിനായി അനേകം പേരാണ് വന്നുകൊണ്ടിരിക്കുന്നത്. ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി വന്നവർ കിലോ കണക്കിന് തണ്ണിമത്തൻ വാങ്ങി സന്തോഷത്തോടെയാണ് മടങ്ങിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന കായ്കളിലെ കീടനാശിനിയും കൃത്രിമ രീതിയിൽ പഴുപ്പിക്കുന്നതും നാടൻ തണ്ണിമത്തന് ആവശ്യക്കാർ ഏറിവരുന്നതിന് കാരണമാകുന്നു.
കോഴിവളം, ചാണകം, വേപിൻ പിണ്ണാക്ക് എന്നിവ അടിവളമായി കൊടുത്ത് നൂറ് ശതമാനം ജൈവരീതിയിൽ വിളവെടുത്ത തണ്ണിമത്തന് കിലോയ്ക്ക് മുപ്പത് രൂപയ്ക്കാണ് വിൽക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ ആയിരം കിലോയോളം തണ്ണി മത്തൻ വിറ്റുപോയതായി സുനിൽ പറയുന്നു.
തണ്ണിമത്തൻ കൂടാതെ പയർ, വെണ്ട, പാവൽ, മത്തൻ തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്ന സുനിലിന് കൃഷി വകുപ്പിന്റെ ജില്ലാ അവാർഡ്, കൃഷിഭവൻ ഏർപ്പെടുത്തിയ സ്വാതന്ത്ര്യം കാർഷിക അവാർഡ്, അക്ഷയ ശ്രീ അവാർഡ്, മികച്ച ജൈവകർഷകനുള്ള ജില്ലാ അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മുഴുവൻ സമയവും കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന സുനിൽ ഇപ്പോൾ നാട്ടിലെ കർഷകതാരമാണ്.