പൂച്ചക്കുറുക്കൻ, പേരു കേൾക്കുന്പോൾ തന്നെ ഒരു കൗതുകം ഉണ്ടല്ലേ… ഫ്രഞ്ച് അധീനതയിലുള്ള കോർസിക എന്ന ദ്വീപിൽ നൂറ്റാണ്ടുകൾക്കു മുന്നേ പഴക്കമുള്ള കെട്ടുകഥയായിരുന്നു ഝോട്ടു- വോൾപ് എന്ന ജീവി. പൂച്ചയുടെ ശരീരവും കുറുക്കന്റെ വാലുമുള്ള ആടുകളുടെ രക്തം കുടിക്കുന്ന ഈ ജീവി ആട്ടിടയൻമാരുടെ പേടി സ്വപ്നമായിരുന്നു.
എന്നാൽ ഇത്രയും കാലം ഈ ജീവിയുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സമീപകാലത്ത് ഇവയെ കണ്ടെത്തും വരെ ഇതൊരു കെട്ടുകഥയാണെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ.
ക്യാറ്റ് ഫോക്സ് എന്ന പൂച്ചക്കുറുക്കൻ കോർസികയിലെ തന്നെ കാട്ടുപൂച്ചകളിലെ ഒരു വിഭാഗമാണെന്നാണ് ഇപ്പോൾ ഗവേഷകർ വിശദീകരിക്കുന്നത്. ഇതുവരെ തിരിച്ചറിയപ്പെടാത്തവയാണ് ഈ കാട്ടുപൂച്ചകൾ. ഇപ്പോൾ ഡിഎൻഎ പരിശോധനയിലാണ് ഒരു ചെറു കുറുക്കന്റെ വലുപ്പവും നീണ്ട രോമം നിറഞ്ഞ വാലിന്റെ ഉടമയുമായ ഈ പൂച്ചവർഗം വ്യത്യസ്തമാണെന്നു സ്ഥിരീകരിച്ചത്.
കോർസിക ദ്വീപിലെ അസ്കോ വനമേഖലയിലാണ് ഇവയെ കണ്ടുവരുന്നത്. ഇവയെ കാട്ടുപൂച്ചകളിലെ ഉപവിഭാഗമായി ഇതുവരെ ഒൗദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇതിനുള്ള നടപടി ക്രമങ്ങളും കൂടുതൽ പഠനങ്ങളും ഫ്രഞ്ച് ഒൗദ്യോഗിക ഏജൻസിയായ നാഷണൽ ഹണ്ടിങ് ആൻഡ് വൈൽഡ് ലൈഫ് ഓഫിസ് നടത്തി വരികയാണ്. നിലവിൽ ലോകത്തെ കാട്ടുപൂച്ചകളെ ആകെ രണ്ട് ജനുസായാണ് തിരിച്ചിരിക്കുന്നത്. ആഫ്രിക്കൻ കാട്ടുപൂച്ചകളും യൂറോപ്യൻ കാട്ടുപൂച്ചകളും.
ഈ രണ്ട് ജനുസുകൾക്കും ഒട്ടനവധി ഉപജനുസുകളുമുണ്ട്. ഏഷ്യയിലും അമേരിക്കയിലും കാണപ്പെടുന്ന കാട്ടുപൂച്ചകളെയും ഉപവിഭാഗങ്ങളായി പൊതുവെ ഈ രണ്ട് ജനുസുകളുടെ കീഴിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ കോർസികയിൽ കണ്ടെത്തിയിട്ടുള്ള കാട്ടുപൂച്ചയിൽ നിന്ന് ലഭിച്ച ജനിതക വിവരങ്ങൾ വച്ച് ഈ പൂച്ചകൾ യൂറോപ്യൻ ജനുസിൽ പെടുന്നവയല്ലെന്നു വ്യക്തമായിട്ടുണ്ട്.
ആഫ്രിക്കൻ കാട്ടുപൂച്ചകളുമായാണ് ഈ കാട്ടുപൂച്ചയുടെ ജനിതക ഘടകങ്ങൾക്കു സാമ്യം. ഇക്കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൂച്ചക്കുറുക്കൻമാർ പുതിയ ഉപവിഭാഗമാണോ അതോ ഒരു ജനുസ് തന്നെയാണോ എന്നറിയാൻ കാത്തിരിക്കേണ്ടി വരും.
മനുഷ്യനുമായി ഇണങ്ങാൻ യാതൊരു താൽപര്യവുമില്ലാത്ത ജീവികളാണ് പൂച്ചക്കുറുക്കന്മാർ. ഈ സ്വഭാവം തന്നെയാണ് ഇവ കാട്ടുജനുസിൽ പെടുന്നതാണെന്നു പറയാൻ കാരണവും. പക്ഷെ ഒൗദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കാൻ പഠനം പൂർത്തിയാകണമെന്നും കോർസികയിലെ പ്രധാന വന്യജീവി വാർഡൻ പിയറ ബെനഡെറ്റി പറയുന്നു.
കോർസിക ദ്വീപ സമൂഹം പണ്ടു മുതലേ സജീവ മനുഷ്യ സാന്നിധ്യമുള്ള മേഖലയാണെങ്കിലും ഈ പൂച്ചയെ കണ്ടെത്തിയ അസ്കോ വനമേഖല വരണ്ട ഭൂമിയായതിനാൽ തന്നെ സജീവ മനുഷ്യവാസമുള്ള ദ്വീപല്ല. എന്നാൽ ആയിരക്കണക്കിന് വർഷം മുൻപ് തന്നെ മനുഷ്യ നിർമിത പാലങ്ങളുള്ളതും ഇപ്പോഴും വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലകളിലൊന്നുമാണ് അസ്കോ വനമേഖല.
എങ്കിലും ഈ പൂച്ചവർഗത്തെ ആദ്യമായി കാണുന്നത് 2008 ലാണ്. തുടർന്ന് ഇവയെക്കുറിച്ച് ഗൗരവമായി പഠിച്ചു തുടങ്ങുന്നത് 2016 ലാണ്. എന്തായാലും പഠനം പൂർത്തീകരിച്ചാലേ ഈ പൂച്ചക്കുറുക്കൻമാരെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാനാകൂ.