പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുമെന്ന് റിപ്പോർട്ടുകൾ. ബാഹുബലിയുടെ രണ്ടു ഭാഗവും മെഗാഹിറ്റായതോടെ പ്രഭാസ് ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള പുറപ്പാടിലാണ്. സഹോ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുന്ന പ്രഭാസിന്റെ നായികയായി ആരുവരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. ബോളിവുഡ് സുന്ദരി കത്രീന കെയ്ഫ്, തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി തുടങ്ങിയവരുടെയെല്ലാം പേരുകൾ ഉയർന്നുകേട്ടിരുന്നു. എന്നാലിപ്പോൾ പൂജ ഹെഗ്ഡെ നായികയാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.
ഹൃത്വിക് റോഷന്റെ നായികയായി ‘മോഹൻജെദാരോ’ എന്ന സിനിമയിലൂടെയാണ് പൂജ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു അർജുൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൂജ ഇപ്പോൾ. ചിത്രത്തിൽ അഭിനയിക്കാൻ പൂജ സമ്മതം മൂളിയതായിട്ടാണ് വിവരം. അല്ലു അർജുൻ ചിത്രത്തിനുശേഷം മറ്റൊരുചിത്രത്തിനുവേണ്ടി പൂജ ഡേറ്റ് നൽകിയിട്ടില്ല. ബിഗ് ബജറ്റ് ചിത്രമായ അല്ലു അർജുൻ ചിത്രത്തിനുശേഷം പൂജയുടെ കരിയർ ഗ്രാഫ് ഉയരും. ഇതു പ്രഭാസ് ചിത്രത്തിനു ഗുണം ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.