തമിഴ്നാട്ടിലെ തിരുനൽവേലി സ്വദേശിയായ ഷണ്മുഖൻ മാരിയപ്പന് സംസ്ഥാന സർക്കാരിന്റെ പൂജ ബംബർ ലോട്ടറിയുടെ നാലു കോടി രൂപ സമ്മാനം. കോട്ടയം നഗരത്തിലെ പ്രമുഖ തുണിക്കടയിൽ മെൻസ് വെയർ വിഭാഗത്തിലെ സൂപ്പർവൈസറാണ് ഷണ്മുഖൻ.
കഴിഞ്ഞയാഴ്ച ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിവരുന്പോൾ അന്പലത്തിനു മുന്നിൽ നിന്ന ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. VA 489017 എന്ന നന്പറാണ് ഷൺമുഖന് ഭാഗ്യം കൊണ്ടുവന്നത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വൈകുന്നേരം തന്നെ താനാണ് കോടിപതിയെന്ന് ഷൺമുഖൻ അറിയുകയും ചെയ്തു. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു.ഏറെ പ്രാരാബ്ദങ്ങളുള്ള 51 വയസുകാരനായ ഷണ്മുഖൻ അവിവാഹിതനാണ്. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഷണ്മുഖന്റെ കുടുംബം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വാടകവീട്ടിലാണ് കഴിയുന്നത്. ഒരു വീട് വയ്ക്കണം, അൽപം സ്ഥലം വാങ്ങണം അത്രയേയുള്ളു ആഗ്രഹമെന്ന് ഷണ്മുഖൻ ദീപികയോടു പറഞ്ഞു.
രണ്ടു സഹോദരൻമാർ അവിവാഹിതരാണ്. മാസം ഒന്നോ രണ്ടോ ലോട്ടറി മാത്രം വാങ്ങുന്ന ശീലമാണ് ഷണ്മുഖനുണ്ടായിരുന്നത്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഈ ഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിക്കാനാണ് ഷൺമുഖന് ഇഷ്ടം.