പയ്യന്നൂര്‍: വീട്ടില്‍ നിധിയുണ്ടെന്നും അതെടുത്ത് നല്‍കാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ കാറമേലിലെ കൊവ്വല്‍ മൂപ്പന്റെകത്ത് ജമീലയുടെ പരാതിയിലാണ് ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം.ടി.പി. റഷീദ്, മാതാവ് സൈനബ, ഭാര്യ അശിഫ, സഹോദരങ്ങളായ ഷര്ഫിദ്ദീന്, ഷംസു, നിസാം, വയനാട്ടിലെ ഉസ്താദ് അബുഹന്ന, കാസര്‍ഗോഡ് സ്വദേശിയായ തങ്ങള്‍ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ആറ് ലക്ഷത്തോളം രൂപയാണ് പല ഘട്ടങ്ങളിലായി സംഘം തട്ടിയെടുത്തതെന്ന് പരാതിക്കാരി പറയുന്നു.
പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള പടന്നയിലെ സ്വത്ത് വില്പനയുമായി ബന്ധപ്പെട്ട് സമീപിച്ച റഷീദുമായി കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്.
വീട്ടിലുണ്ടാവുന്ന പാമ്പുശല്യം തീര്‍ക്കാനും ദാമ്പത്യത്തിലെ വിഷമങ്ങള്‍ പരിഹരിക്കാനും കഴിവുള്ള ഉസ്താദ് വയനാട്ടിലുണ്ടെന്ന് പറഞ്ഞ് ഉസ്താദിന്റെ ഫോണ്‍ നമ്പര്‍ റഷീദ് വീട്ടമ്മയ്ക്ക് നല്കി.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റഷീദ് പരാതിക്കാരിയുമായി വയനാട്ടിലെ ഉസ്താദിന്റെയടുത്ത് പോയി.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂടോത്രം ചെയ്തിട്ടുണ്ടെന്നും മൊത്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
റഷീദിന്റെ സഹോദരനും ചെറുപുഴ മദ്രസയിലെ ഉസ്താദുമായ ഷര്‍ഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പരാതിക്കാരിയുടെ വീട്ടിലെത്തി കര്‍മങ്ങള്‍ തുടങ്ങിയത്.
പിന്നീട്, വീട്ടില്‍ നിധിയുണ്ടെന്നും ചെകുത്താന്മാര് കാവലിരിക്കുന്ന അതെടുക്കുവാന്‍ വേറെ ആളെ വരുത്തണമെന്നും അറിയിക്കുന്നു.
ഇതിനായി നിയോഗിച്ചത് കാസര്‍ഗോഡെ തങ്ങളെയാണ്. ഇതിനായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പ്രകാരം ഈ തുകയും നല്കി.
പലദിവസങ്ങളിലും അര്‍ധരാത്രിയില്‍ ഈ സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി ആഭിചാര കര്‍മങ്ങള്‍ നടത്തിയിരുന്നു.
കര്‍മങ്ങള്‍ തുടരവെ സംഘത്തിലുള്ള ഉസ്താദുള്പ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്പ്പടണമെന്നും പറഞ്ഞു.
നിധി കിട്ടിയാല്‍ അത് ഓഹരി വയ്ക്കണമെന്ന നിര്‍ദേശവുമുണ്ടായി. നിധിയെടുക്കാമെന്ന് പറഞ്ഞ ദിവസം വീട്ടില്‍ പരാതിക്കാരിയും മകളുമല്ലാതെ മറ്റാരും ഉണ്ടാകാന്‍ പാടില്ലെന്ന് പറഞ്ഞതില്‍ സംശയം തോന്നിയ വീട്ടമ്മ ബന്ധുക്കളെന്ന പേരില്‍ ചിലരെ വീട്ടിലെത്തിച്ചിരുന്നു.
ജൂണ്‍ 22ന് രാത്രി പതിനൊന്നരയ്ക്ക് റഷീദും ഗൂഡല്ലൂരുള്ള തങ്ങളും മറ്റുചിലരും പരാതിക്കാരിയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ സംഘത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എതിർ കക്ഷികള്‍ ഓടിപ്പോവുകയായിരുന്നുവെന്നും പണം വാങ്ങി വഞ്ചിച്ചശേഷം തന്നെ ജീവഹാനി വരുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കാണിച്ച് കഴിഞ്ഞ ജനുവരി 16ന് ഇവര്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.