അലിഗഡ്: മഹാത്മജിയുടെ കോലത്തിൽ വെടി ഉതിർത്ത കേസിൽ ഒളിവിൽപ്പോയിരിക്കുന്ന ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകുൻ പാണ്ഡെ മുന്പും ഗാന്ധിജിക്കെതിരേ പ്രചാരണങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധ. കഴിഞ്ഞ ഓഗസ്റ്റിൽ അലിഗഡിൽ നടന്ന ഹിന്ദു മഹാസഭയുടെ ഒരു പരിപാടിയിൽ ഇന്ത്യയെ വിഭജിച്ചത് ഗാന്ധിജിയാണെന്ന് പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
നാഥുറാം ഗോഡ്സെയ്ക്ക് മുന്പേ താൻ ജനിച്ചിരുന്നെങ്കിൽ താൻ തന്നെ ഗാന്ധിയെ കൊല്ലുമായിരുന്നുവെന്നാണ് പൂജ അന്നു പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയിൽ ആരെങ്കിലും വീണ്ടുമൊരു ഗാന്ധിയാകാൻ ശ്രമിച്ചാൽ അവരെ താൻ കൊല്ലുമെന്നും പൂജ ഭീഷണി മുഴക്കി.ഇന്ത്യയുടെ വിഭജന സമയത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ കൊലപാതകത്തിന് ഗാന്ധി കാരണമായെന്നും രാഷ്ട്രപിതാവെന്ന സ്ഥാനം അദ്ദേഹത്തിൽനിന്ന് എടുത്തുമാറ്റണമെന്നും പൂജ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസംഗത്തിനെതിരേ വന്ന ഒര പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ല.
2017 മാർച്ച് 19ന് ഇവർ ഫേസ്ബുക്കിൽ ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചിരുന്നു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ഉമാ ഭാരതിയുമാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾഈ ചിത്രം ഫേസ്ബുക്കിൽനിന്ന് പിൻവലിച്ചിട്ടുണ്ട്.
ഗാന്ധി വധം പുനരാവിഷ്കരണം എന്ന പേരിൽ പൂജ പങ്കുവച്ച ചിത്രത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൻ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്.ഗാന്ധിവധ പുനരാവിഷ്കരണം ഒരു പുതിയ ചടങ്ങായാണ് ഹിന്ദുമഹാ സഭ തുടങ്ങിയിരിക്കുന്നതെന്നും ദസറ ദിവസത്തിലെ രാവണ വധം പേലെ ഇത് എല്ലാ വർഷവും ആഘോഷിക്കുമെന്നും അവർ പറഞ്ഞിരുന്നു.
അലിഗഡിലെ നൗറംഗബാദിനു സമീപം ഹിന്ദുമഹാസഭ ഓഫീസിനു പുറത്ത് ബുധനാഴ്ച രാത്രിയായിരുന്നു ഗാന്ധിവധത്തിന്റെ പുനരാവിഷ്കാരം. ഹിന്ദുമഹാസഭ ദേശീയ ജനറൽ സെക്രട്ടറി പുജ ഷാകുൻ പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു ഗാന്ധിനിന്ദ. പതിമൂന്നംഗസംഘമാണ് ഗാന്ധിജിയുടെ കോലത്തിൽ കളിത്തോക്ക് ഉപയോഗിച്ചു വെടിയുതിർത്തത്.
തുടർന്ന് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മഹാത്മജിയുടെ രക്തസാക്ഷിത്വദിനം ‘ശൗര്യദിവസ്’ ആയി ആചരിക്കുമെന്നും ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരുന്നു.ബുധനാഴ്ചത്തെ സംഭവം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും കുറ്റക്കാർക്കെതിരേ കർക്കശ നടപടിയുണ്ടാകുമെന്നും അലിഗഡ് എസ്എസ്പി അറിയിച്ചു. തുടർന്ന് ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.സംഭവത്തിനു നേതൃത്വം നൽകിയ പൂജ ഷാകുൻ പാണ്ഡെ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.