പുതു യുഗത്തിനു തുടക്കം കുറിച്ച് തമിഴ്‌നാട്. ക്ഷേത്രപൂജാരി സ്ഥാനത്തേക്ക് ഇനി മൂന്നു യുവതികള്‍. എസ്. കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നിവര്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.
തമിഴ്‌നാടിനിത് പുതിയ നേട്ടമാണ്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ അതായത് പൂജാരി ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് ഇവര്‍ പൂജാരിമാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി. സത്രീകള്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചാല്‍ അശുദ്ധി ആകുമെന്ന മിഥ്യാ ധാരണയാണ് ഇവര്‍ പൊളിച്ചു മാറ്റിയത്.
ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് മന്ത്രി പി.കെ ശേഖര്‍ബാബുവില്‍ നിന്ന് സെപ്റ്റംബര്‍ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മൂവരും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു.
യുവതികള്‍ കോഴ്‌സിന് അപേക്ഷിച്ചപ്പോള്‍ അവര്‍ക്കായി അഭിമുഖം നടത്തിയിരുന്നു. പൂജാരിമാരായി പഠിക്കാനും ജോലി ചെയ്യാനും അവര്‍ക്ക് ശരിയായ യോഗ്യതയുണ്ടെന്ന് കണ്ടെത്തുകയും പതിവായി കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അവര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കി. എല്ലാ പൂജാരി ട്രെയിനികള്‍ക്കും അവരുടെ ഇന്റേണ്‍ഷിപ്പ് സമയത്തു സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നുണ്ടെന്നും ശേഖരബാബു പറഞ്ഞു.
വിമാനം പറത്തിയാലും ബഹിരാകാശത്തേക്ക് പോയാലും സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പറ്റാത്ത ഇടങ്ങളായിരുന്നു ക്ഷേത്ര സങ്കേതങ്ങള്‍. എന്നാല്‍ അവക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു എന്ന് യുവതികളുടെ നേട്ടത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.