ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെതന്നെ മുന്‍നിര നടിയായി ഉയര്‍ന്നുവന്ന നടിയാണ് പൂജ ഹെഗ്ഡെ. 2012-ല്‍ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അധികം വൈകാതെ തന്നെ തെലുങ്ക്, തമിഴ്, ഹിന്ദി മേഖലകളില്‍ നിലയുറപ്പിക്കാനും പൂജയ്ക്ക് സാധിച്ചു.
സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ക്ക് വിധേയമായിട്ടുള്ള നടി കൂടിയാണ് പൂജ. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ടു പ്രതികരിച്ചിരിക്കുകയാണ് നടി. തന്നെ ട്രോളാനായി ആളുകള്‍ പണം മുടക്കുന്നുണ്ടെന്നും അത് താന്‍ അന്വേഷിച്ച് കണ്ടെത്തിയെന്നും നടി പറയുന്നു. ഒരഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
സോഷ്യൽ മീഡിയ പേജുകളില്‍ തുടര്‍ച്ചയായി ഞാന്‍ ട്രോള്‍ ചെയ്യപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവര്‍ എന്നെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്നത് എന്ന ചിന്തയിലായിരുന്നു ഞാന്‍. മറ്റൊരാളെ ഇകഴ്ത്തിക്കാട്ടാനായി ആളുകള്‍ ധാരാളം പണം മുടക്കുകയാണ്. ഇത് കണ്ടെത്തിയതിന് പിന്നാലെ ഞാനും അച്ഛനും അമ്മയുമെല്ലാം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ഇത്തരം ട്രോളുകള്‍ താന്‍ അംഗീകാരമായാണ് എടുക്കാറുള്ളത്. കാരണം നിങ്ങള്‍ മറ്റൊരാളേക്കാളും മുകളിലായതുകൊണ്ടാണ് നിങ്ങളെ താഴ്ത്തിക്കെട്ടണമെന്ന് അവര്‍ക്ക് തോന്നുന്നത്. ആദ്യഘട്ടത്തില്‍ ഇത് സാധാരണമായാണ് കണ്ടിരുന്നത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ഇത് എല്ലാ പരിധികളും ലംഘിച്ചു. എന്നെ ട്രോളാനായി മാത്രം ആളുകള്‍ ലക്ഷങ്ങള്‍ മുടക്കുന്നുവെന്ന് ഞാന്‍ കണ്ടെത്തി.
എന്റെ ടീമിനോട് മീം പേജുകളുമായി ബന്ധപ്പെടാനും എന്താണ് അവരുടെ പ്രശ്നമെന്ന് മനസിലാക്കാനും പറഞ്ഞു. ഇതിനായി തങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന മറുപടിയാണ് മീം പേജുകള്‍ കൈകാര്യം ചെയ്യുന്നവരില്‍ നിന്ന് ലഭിച്ചത്. നിങ്ങള്‍ക്ക് തിരിച്ച് ട്രോളണമെങ്കില്‍ പണം മുടക്കൂ എന്നും അവര്‍ പറഞ്ഞു. എന്നെ സംബന്ധിച്ച് ഇത് വിചിത്രമായ ഒന്നായാണ് തോന്നിയത്. ഒരിക്കല്‍ ഒരു കമന്റ് കണ്ട് ഞാന്‍ ഒരു പ്രൊഫൈല്‍ നോക്കിയപ്പോള്‍ അതില്‍ ഒരു ഡിസ്പ്ലേ പിക്ചറോ പോസ്റ്റുകളോ ഉണ്ടായിരുന്നില്ല. അതും പെയിഡ് സംഭവമായിരുന്നു – പൂജ ഹെഗ്ഡെ പറഞ്ഞു.