കുറച്ചു നാളുകളായി അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയങ്ങളായിട്ടും പൂജാ ഹെഗ്ഡയ്ക്ക് പുതിയ സിനിമയിൽ അവസരം ലഭിച്ചുവെന്ന വാർത്തയാണ് ടോളിവുഡിൽനിന്നു പുറത്തു വരുന്നത്. സാമന്ത റൂത്ത് പ്രഭു പിന്മാറിയ ചിത്രത്തിലാണ് പൂജ അഭിനയിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് പൂജാ ഹെഗ്ഡെ. രാധേ ശ്യാം, ബീസ്റ്റ്, ആചാര്യ എന്നിങ്ങനെ തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടിട്ടും നടിയെ തേടി അവസരങ്ങളെത്തുന്നുവെന്നാണ് ടോളിവുഡിൽ നിന്നുള്ള വിവരം.
സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ വീഴ്ചയാണ് നടിയുടെ കരിയറിനെ ബാധിക്കുമെന്ന ആശങ്ക ആരാധകർ തന്നെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കാതെ മുന്നിലേക്കെത്തുന്ന എല്ലാ സിനിമകൾക്കും ഡേറ്റ് കൊടുക്കുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്ന് ആരാധകർ പറയുന്നു.
നന്ദിനി റെഡ്ഢിയുടെ പുതിയ ചിത്രത്തിലാണ് സമാന്തയ്ക്ക് പകരം പൂജ നായികയാവുന്നത്. സിദ്ധു ജൊന്നാലഗഡ്ഢയാണ് നായകൻ. ഈ ചിത്രത്തിലേക്ക് ആദ്യം തെരഞ്ഞെടുത്തത് സാമന്തയെ ആയിരുന്നുവെങ്കിലും ഇപ്പോൾ സിനിമയിൽ അവർ അവധിയെടുത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.സമാന്തയ്ക്ക് പകരം ഈ വേഷത്തിന് ഏറ്റവും അനുയോജ്യയായത് പൂജയെ ആണെന്ന് അണിയറക്കാർ തീരുമാനിക്കുകയായിരുന്നു. പൂജ സമ്മതം മൂളിയെന്നാണ് വിവരം. ഇതുവരെ, പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ പൂജ അഭിനയിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല.
തുടർച്ചയായി തിരിച്ചടികൾ നേരിട്ടിട്ടും സ്ക്രീൻ പ്രസൻസ് കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെ പൂജാ ഹെഗ്ഡെ സൃഷ്ടിച്ചിട്ടുണ്ട്. കുറച്ചുനാൾ മുന്‍പു വരെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും അടക്കം കൈ നിറയെ സിനിമകളായിരുന്നു പൂജയ്ക്ക്. റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ദേവയാണ് പൂജയുടെ അടുത്ത ചിത്രം. ഷാഹിദ് കപൂറിന്റെ നായികയായാണ് പൂജ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ വർഷം ഒക്ടോബർ 11ന് സിനിമ തിയറ്ററുകളിലെത്തും.
താൻ അഭിനയിച്ച സിനിമകൾ പരാജയപ്പെടുന്നതിനെക്കുറിച്ചു പൂജ പറഞ്ഞ അഭിപ്രായം അടുത്തയിടെ വലിയ ചർച്ചയായിരുന്നു. സിനിമാ പരാജയങ്ങള്‍ സിനിമാ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന്. സിനിമകള്‍ മാത്രമാണ് പരാജയപ്പെടുന്നത്. അല്ലാതെ താന്‍ സ്വയം പരാജയപ്പെടുകയല്ല. ഒരു സിനിമയുടെ സംവിധായകനോ എഡിറ്ററോ അല്ല താന്‍. കിട്ടുന്ന സിനിമകള്‍ക്കായി നൂറുശതമാനം ആത്മാര്‍ഥതയോടെയാണ് പ്രവര്ത്തിക്കാറുള്ളതെന്നുമാണ് പൂജ പറഞ്ഞത്.