കണ്ണൂർ: ലോക്ക്ഡൗണിന് മറവിൽ ഇ- പൂജ തട്ടിപ്പ് വ്യാപകമാകുന്നു. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളുടെ പേരിലാണ് തട്ടിപ്പ്.
കോവിഡും മറ്റ് രോഗങ്ങളൊന്നും പിടിപെടാതിരിക്കാൻ പൂജകൾ ചെയ്യണമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ക്ഷേത്രങ്ങളുടെ പേരിലുളള സ്വകാര്യ വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിൽ കൂടുതലായും തട്ടിപ്പ് നടക്കുന്നത്.
ഓൺലൈനിൽ പണമടച്ച് പൂജയ്ക്ക് ബുക്ക് ചെയ്താൽ രസീത് വീട്ടിൽ എത്തിക്കുന്നതാണ് തട്ടിപ്പ് രീതി.
കോവിഡ് പേടിമൂലം വീടുകളിൽ കഴിയുന്ന വിശ്വാസികൾ ഇത് സത്യമെന്ന് വിചാരിച്ച് തട്ടിപ്പിന് ഇരയാകും.
ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇ-പൂജ തട്ടിപ്പ് സംഘം വിലസുന്നത്. നവമാധ്യമങ്ങൾ വഴി മെസേജുകൾ കൈമാറി വിവരങ്ങൾ ആളുകളിൽ എത്തിക്കുന്നതാണ് ഇവരുടെ രീതി.
പ്രധാന ക്ഷേത്രങ്ങളുടെ സൈറ്റായതിനാൽ ആളുകൾക്ക് സംശയം തോന്നാറുമില്ല. പണം പോയി കഴിയുന്പോൾ ക്ഷേത്രഭാരവാഹികളുമായി ബന്ധപ്പെടുന്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് പലരും തിരിച്ചറിയുന്നത്.
കഴിഞ്ഞ ദിവസം പെരളശേരി ക്ഷേത്രത്തിന്റെ പേരിൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നിരുന്നു. ഇത് സംബന്ധിച്ച് ക്ഷേത്ര മാനേജർ ചക്കരക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പൂജാകർമ്മങ്ങൾ നടത്താൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്ര മാനേജർ അറിയിച്ചു.