അഡ്ലെയ്ഡിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ ജയം നേടുന്നത്. 2003-04ലായിരുന്നു ആദ്യ ജയം. അന്ന് രാഹുൽ ദ്രാവിഡ് ആയിരുന്നു ഇന്ത്യൻ വിജയശിൽപ്പി. ദ്രാവിഡിന്റെ പിൻഗാമിയായ പുതിയ വൻമതിലായി വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വർ പൂജാരയാണ് അഡ്ലെയ്ഡിൽ ഇന്ത്യക്ക് മറ്റൊരു ജയം സമ്മാനിച്ചതെന്നതും രസകരം.
2003ൽ റിക്കി പോണ്ടിംഗിന്റെ (242 റണ്‍സ്) ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ 556 റണ്‍സടിച്ച ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ, രാഹുൽ ദ്രാവിഡിന്റെ (233 റണ്‍സ്) ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ 523 റണ്‍സ് നേടി. വി.വി.എസ്. ലക്ഷ്മണ് 148 റണ്‍സോടെ ദ്രാവിഡിനു പിന്തുണ നല്കി.
33 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും ആറു വിക്കറ്റ് വീഴ്ത്തിയ അജിത് അഗാർക്കറിന്റെ മികവിൽ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 196ന് ഇന്ത്യ ചുരുട്ടിക്കെട്ടി. 230 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. രണ്ടാം ഇന്നിംഗ്സിലും ദ്രാവിഡ് (72 നോട്ടൗട്ട്) രക്ഷകനായി ഇന്ത്യയെ വിജയതീരത്തെത്തിച്ചു, കളിയിലെ കേമനുമായി.