നാഗ്പുർ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റണ്‍സ് ക്ലബ്ബിൽ ഇടംപിടിച്ച് ചേതേശ്വർ പൂജാര. രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കുവേണ്ടി വിദർഭയ്ക്കെതിരേ രണ്ട് ഇന്നിംഗ്സിലുമായി 109 റണ്‍സ് നേടിയതോടെയാണ് പൂജാര ഫസ്റ്റ് ക്ലാസിൽ 20,000 റണ്‍സ് ക്ലബ്ബിൽ ഇടംപിടിച്ചത്.
ആദ്യ ഇന്നിംഗ്സിൽ 105 പന്തിൽ 43 റണ്‍സും രണ്ടാം ഇന്നിംഗ്സിൽ 137 പന്തിൽ 66ഉം ആയിരുന്നു പൂജാരയുടെ സ്കോർ. രണ്ടാം ഇന്നിംഗ്സിൽ 53ൽ എത്തിയപ്പോഴാണ് 20,000 റണ്‍സ് പൂജാര തികച്ചത്. ഫസ്റ്റ് ക്ലാസിൽ 260 മത്സരങ്ങളിൽനിന്ന് 20,013 റണ്‍സായി പൂജാരയ്ക്കിപ്പോൾ.
വിദർഭയ്ക്കെതിരായ മത്സരത്തിൽ സൗരാഷ്ട്ര 238 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി. സ്കോർ: സൗരാഷ്ട്ര 206, 244. വിദർഭ 78, 134. ആദ്യ ഇന്നിംഗ്സിൽ 14 റണ്‍സിന് നാലും രണ്ടാം ഇന്നിംഗ്സിൽ 51 റണ്‍സിന് അഞ്ചും വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്രയുടെ ചിരാഗ് ജാനിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
രഞ്ജി ട്രോഫി 2024 സീസണിൽ സൗരാഷ്ട്രയുടെ ആദ്യ ജയമാണ്. ആദ്യ മത്സരത്തിൽ ജാർഖണ്ഡിനോട് സമനില വഴങ്ങിയ സൗരാഷ്ട്ര, രണ്ടാം മത്സരത്തിൽ ഹരിയാനയോട് നാല് വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു.
ജാർഖണ്ഡിനെതിരേ ഇരട്ട സെഞ്ചുറിയോടെയാണ് (243 നോട്ടൗട്ട്) രഞ്ജി ട്രോഫി സീസണ് പൂജാര ആരംഭിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പൂജാരയുടെ 17-ാമത് ഇരട്ടസെഞ്ചുറിയായിരുന്നു. ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ് ഇരട്ടസെഞ്ചുറി എന്ന റിക്കാർഡിൽ ലോകത്തിൽ നാലാം സ്ഥാനം പങ്കിടുകയാണ് പൂജാര.