ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ചേതേശ്വർ പൂജാര മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുനിന്നാണ് പുജാരയുടെ കയറ്റം. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് പരന്പരയിലെ മികച്ച പ്രകടനമാണ് പൂജാരയുടെ റാങ്കിംഗ് ഉയർത്തിയത്. നാലു ടെസ്റ്റിൽനിന്നായി പുജാര 521 റണ്‍സാണ് നേടിയത്.
വിക്കറ്റ്കീപ്പർ ഋഷഭ് പന്ത് 21 സ്ഥാനം മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി. 1973 ജനുവരിയിൽ ഫറൂഖ് എൻജിനിയർ നേടിയ റാങ്കിനൊപ്പം പന്തെത്തി. ഒരു ഇന്ത്യൻ വിക്കറ്റ്കീപ്പറുടെ ഏറ്റവും ഉയർന്ന റാങ്കാണിത്. മഹേന്ദ്ര സിംഗ് ധോണി 19-ാം റാങ്കിലെത്തിയിരുന്നു.
ഒന്‍പതാമത്തെ ടെസ്റ്റിൽ പുറത്താകാതെ നേടിയ 159 റണ്‍സാണ് പന്തിനെ ആദ്യ ഇരുപതിലെത്തിച്ചത്. 59-ാം റാങ്കുമായാണ് പന്ത് ഓസ്ട്രേലിയയിലെത്തിയത്. പരന്പരയിൽ ആകെ 350 റണ്‍സും 20 ക്യാച്ചും പന്ത് സ്വന്തമാക്കി.ബൗളർമാരിൽ ജസ്പ്രീത് ബുംറ 16-ാം സ്ഥാനം നിലനിർത്തിയപ്പോൾ മുഹമ്മദ് ഷാമി 23ൽനിന്ന് 22ലെത്തി.