സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ലാസിക് സൗന്ദര്യം വെളിപ്പെടുത്തുന്ന സെഞ്ചുറിയോടെ വൻമതിലായി ചേതേശ്വർ പൂജാര ക്രീസിൽ ഉറച്ചപ്പോൾ സിഡ്നിയിൽ ഇന്ത്യൻ ദിനം. നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓപ്പണർ മായങ്ക് അഗർവാളിന്റെ അർധസെഞ്ചുറിയും (77 റണ്‍സ്) പൂജാരയുടെ സെഞ്ചുറിയും (130 നോട്ടൗട്ട്) കരുത്ത് നല്കിയപ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 303 എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്.
മായങ്ക്, പൂജാര…
മെൽബണിലെ മായാജാലം മായങ്ക് അഗർവാൾ സിഡ്നിയിലും തുടർന്നു. ഓസീസ് പേസർമാരുടെ പന്ത് ഹെൽമറ്റിൽ കൊണ്ടെങ്കിലും പതറാതെ മികച്ച ബാറ്റിംഗുമായി ക്രീസിൽ നിന്ന മായങ്ക് നേരിട്ട 96-ാം പന്തിൽ അർധസെഞ്ചുറി തികച്ചു.
നഥാൻ ലിയോണിനെ രണ്ട് തവണ സിക്സറിനു പറത്തിയ മായങ്ക് ക്ഷമയോടെ ക്രീസിൽ തുടന്നിരുന്നെങ്കിൽ ഒരുപക്ഷേ സെഞ്ചുറി നേടാമായിരുന്നു. ലിയോണിനെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെ ലോംഗ് ഓണിൽ സ്റ്റാർക്കിനു ക്യാച്ച് നൽകിയാണ് മായങ്ക് പുറത്തായത്.
പരന്പരയിലെ മൂന്നാം സെഞ്ചുറിയുമായി കളംവാഴുന്ന പൂജാരയെയാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ കണ്ടത്. നേരിട്ട 134-ാം പന്തിൽ അർധസെഞ്ചുറി നേടിയ പൂജാര 199-ാം പന്തിൽ സെഞ്ചുറിയിലെത്തി. പൂജാരയുടെ ടെസ്റ്റ് കരിയറിലെ 18-ാം സെഞ്ചുറിയായിരുന്നു അത്.
250 പന്തിൽനിന്ന് 16 ഫോറിന്റെ സഹായത്തോടെയാണ് 130 റണ്‍സുമായി പൂജാര പുറത്താകാതെ നിൽക്കുന്നത്. രണ്ടാംവിക്കറ്റിൽ മായങ്കിനൊപ്പം 116 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ച പൂജാര അഞ്ചാം വിക്കറ്റിൽ വിഹാരിക്കൊപ്പം 75 റണ്‍സ് നേടിക്കഴിഞ്ഞു.
വിരാട് കോഹ്ലിയും (23 റണ്‍സ്), അജിങ്ക്യ രഹാനെയും (18) മികച്ച തുടക്കം മുതലാക്കാനാകാതെ മടങ്ങി.
രാഹുൽ, വിഹാരി…
രോഹിത് ശർമ കുഞ്ഞു പിറന്നതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഹനുമ വിഹാരിക്ക് ആറാം നന്പറിലേക്ക് ഇറങ്ങേണ്ടിവന്നു. അതോടെ കെ.എൽ. രാഹുൽ വീണ്ടും ഇന്ത്യൻ ഓപ്പണറായി. ആദ്യ രണ്ട് ടെസ്റ്റിലും വൻ പരാജയമായ രാഹുലിനെ ഒഴിവാക്കിയാണ് മായങ്കിനെ ടീമിലെടുത്തത്. മായങ്കിനൊപ്പം മെൽബണിൽ ഓപ്പണറായ വിഹാരി പിന്നോട്ടിറങ്ങുകയും ചെയ്തു.
എന്നാൽ, വീണു കിട്ടിയ അവസരം മുതലാക്കാൻ സിഡ്നിയിലും രാഹുലിനു സാധിച്ചില്ല. ഒന്‍പത് റണ്‍സ് നേടിയ രാഹുൽ ഹെയ്സൽവുഡിന്റെ പന്തിൽ ഷോണ്‍ മാർഷിനു ക്യാച്ച് നല്കി പുറത്തായി. പുറത്തായതിനു പിന്നാലെ നെറ്റ്സിൽ കഠിന പരിശീലനം നടത്താനെത്തിയ കെ.എൽ. രാഹുലിനെ സമൂഹമാധ്യമങ്ങൾ വെറുതേവിട്ടില്ല. ശക്തമായ വിമർശനവും ട്രോളുമാണ് ഓപ്പണർക്കെതിരേ സമൂഹമാധ്യമങ്ങളിൽ.
കുൽദീപ് ടീമിൽ
സ്പിന്നർമാരായ രവീന്ദ്ര ജഡേജയെയും കുൽദീപ് യാദവിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ നാലാം ടെസ്റ്റിനിറങ്ങിയത്. ആർ. അശ്വിനെ 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവസാന പതിനൊന്നിൽ ഇടംനല്‍കിയില്ല. പരിക്കേറ്റ ഇഷാന്ത് ശർമയ്ക്കു പകരം ഉമേഷ് യാദവ് തിരിച്ചെത്തി. ഓസ്ട്രേലിയയും രണ്ട് സ്പിന്നർമാരുമായാണ് കളത്തിലെത്തിയത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: മായങ്ക് അഗർവാൾ സി സ്റ്റാർക്ക് ബി ലിയോണ്‍ 77, രാഹുൽ സി മാർഷ് ബി ഹെയ്സൽവുഡ് 9, പൂജാര നോട്ടൗട്ട് 130, കോഹ്ലി സി പെയ്ൻ ബി ഹെയ്സൽവുഡ് 23, രഹാനെ സി പെയ്ൻ ബി സ്റ്റാർക്ക് 18, വിഹാരി നോട്ടൗട്ട് 39, എക്സ്ട്രാസ് 7, ആകെ 90 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 303.
ബൗളിംഗ്: സ്റ്റാർക്ക് 18-0-75-1, ഹെയ്സൽവുഡ് 20-7-51-2, കമ്മിൻസ് 19-3-62-0, ലിയോണ്‍ 29-5-88-1, ലബുഷ്ചാഗ് നെ 4-0-25-0.