പത്തനംതിട്ട: പ്രമാടത്ത് റോഡരികില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കറന്‍സി നോട്ടുകള്‍ ഉടമയ്ക്കു തിരികെ നല്കി.
പ്രമാടം മഹാദേവര്ക്ഷേത്രത്തിനു സമീപം മുട്ടത്താണ് നാട്ടുകാര്‍ ഇന്നലെ രാവിലെ ചാക്ക് കണ്ടെത്തിയത്. റോഡരികിൽ കലുങ്കിനു സമീപം മാലിന്യങ്ങള്‍ തള്ളുന്ന ഭാഗത്താണ് ഇന്നലെ രാവിലെ ചാക്കുകെട്ട് കണ്ടത്.
ചാക്കുകെട്ടിന് സമീപത്തായി പുതിയ ഒരു സെറ്റ് മുണ്ടും കണ്ടെത്തിയിരുന്നു. 10, 20 രൂപ നോട്ടുകളായിരുന്നു അധികവും.
ആരാധനാലയങ്ങളിൽ നിന്ന് മോഷ്ടിച്ചശേഷം വഴിയരികില്‍ ഉപേക്ഷിച്ചതാണോയെന്ന് പോലീസ് ആദ്യം സംശയിച്ചു. ഇതേത്തുടർന്ന് അന്വേഷണവും ആരംഭിച്ചു.
ഇതിനിടെയാണ് കോന്നി മഠത്തില്‍കാവ് ക്ഷേത്രത്തിലെ പൂജാരി സുജിത്ത് പരാതിയുമായി പത്തനംതിട്ട സ്റ്റേഷനില്‍ എത്തിയത്.
കാറില്‍ വീട്ടിലേക്ക് വരവെ നഷ്ടപ്പെട്ടതായാണ് പറയുന്നത്. കാറിൽ ചാക്കുകെട്ടിൽ മാലിന്യം ഉണ്ടായിരുന്നു. ഇതു തള്ളുന്നതിനിടെ പണം അടങ്ങിയ ചാക്കും നഷ്ടപ്പെട്ടതായാണ് പറയുന്നത്.
ചാക്കുകൾ തമ്മിൽ മാറിപ്പോയ വിവരം സുജിത്ത് വീട്ടിലെത്തിയപ്പോഴാണ് മനസിലാക്കിയത്.വാഹനത്തിൽ പണവും വസ്ത്രങ്ങളും അടങ്ങിയ ഒരു ചാക്കും സൂക്ഷിച്ചിരുന്നു.
തെളിവുകൾ ഹാജരാക്കിയതോടെ അദ്ദേഹത്തിന് പണം തിരികെ നല്കി. 39,423 രൂപ ചാക്കില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
മാലിന്യം റോഡുവക്കിലേക്ക് വലിച്ചെറിയരുതെന്ന താക്കീത് നല്‍കിയാണ് പൂജാരിക്ക് പണം തിരികെ നൽകിയതെന്ന് പോലീസ് പറഞ്ഞു.