കൊച്ചി: ചരട് ജപിച്ചു നൽകിയതിന് 20 രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരിൽ ക്ഷേത്രത്തിലെ മേൽശാന്തിയെ സസ്പെൻഡ് ചെയ്തതിനെതിരേ ഹൈക്കോടതി.
വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽനിന്നു സസ്പെൻഡ് ചെയ്ത മേൽശാന്തി സുരേഷ് എന്പ്രാന്തിരിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. സസ്പെൻഷനെതിരേ സുരേഷ് എന്പ്രാന്തിരി നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്.
ഭക്തർ സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന ദക്ഷിണ മേൽശാന്തി സ്വീകരിക്കുന്നതു ക്രമക്കേടോ അഴിമതിയോ അല്ലെന്നു 2011 ൽ ഒരു കേസിൽ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 14 നാണു സുരേഷിനെ കൊച്ചിൻ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. 200 വർഷത്തിലേറെയായി ക്ഷേത്രത്തിലെ ശാന്തിപ്പണി തന്റെ കുടുംബത്തിലുള്ളവരാണു ചെയ്യുന്നതെന്നും തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.