ന്യൂഡൽഹി: പോക്‌സോ കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
കുടുംബത്തിൽ നിന്നു പ്രേതങ്ങളെ ഉന്മൂലനം ചെയ്യാമെന്നും സമ്പത്തും സന്തോഷവും സമാധാനവും വർദ്ധിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗം.
ഇരയുടെ പരാതിയിൽ പ്രതി അനിലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം.
ഗാന്ധി നഗർ പോലീസ് സ്‌റ്റേഷൻ പരധിയിലാണ് സംഭവം. ഇവിടെ ഒരു കുടുംബം ഗാർഹിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു.
ഇതിനിടെ പ്രദേശത്തുള്ള ഒരു തന്ത്രിയുമായി ബന്ധപ്പെട്ടു. സെപ്തംബർ 17ന് തന്ത്രി അനിൽ വീട്ടിലെത്തി.
കുടുംബത്തെ വ്യാജ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുകയും വീട്ടിൽ പൂജകൾ ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് പെൺകുട്ടിയുടെ മേൽ പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
പെൺകുട്ടിയെ തന്നോടൊപ്പം നിർത്താനും എല്ലാ പ്രശ്‌നങ്ങളും അകറ്റി തരാമെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ പൂജാരിയ്‌ക്കൊപ്പം അയയ്ക്കുകയായിരുന്നു.
അനിലിനൊപ്പം പുഷ്‌കറിലെത്തിയ പെൺകുട്ടിയെ അദ്ദേഹം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.
രാവിലെ വീട്ടുകാർ ഇവിടെ എത്തിയപ്പോൾ എല്ലാം ശരിയായെന്ന് പറഞ്ഞ് വീട്ടുകാരോടൊപ്പം കുട്ടിയെ തിരികെ അയയ്ക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ നിന്നും പ്രേതബാധ പോയെന്നാണ് ഇയാൾ പറഞ്ഞത്.
സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നാലെ പെൺകുട്ടി വിവരം തന്റെ സഹോദരിയെ അറിയിക്കുകായയിരുന്നു.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും വ്യാജ പൂജാരിയായ അനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനിലിനെതിരെ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.