തൃശൂർ: ക്വാറന്റൈനിലിരിക്കാതെ പൂക്കച്ചവടത്തിനെത്തിയ തമിഴ്നാട് സ്വദേശിയെ പോലീസും ആരോഗ്യവകുപ്പും ചേർന്ന് പിടികൂടി ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. ത
മിഴ്നാട്ടിൽ നിന്ന് ഇന്നലെയെത്തിയ ആളാണ് ക്വാറന്റൈനിൽ കഴിയാതെ ഇന്നുരാവിലെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ സബ് വേക്കരികിലായി പൂക്കച്ചവടത്തിനെത്തിയത്. ഇയാൾ സമീപത്തെ ചില കടകളിലും പോയിരുന്നു. പലരും ഇയാളിൽ നിന്ന് പൂക്കൾ വാങ്ങുകയും ചെയ്തു.
ക്വാറന്റൈനിൽ കഴിയാതെയാണ് ഇയാൾ പൂക്കച്ചവടത്തിനെത്തി കറങ്ങി നടക്കുന്നതെന്നു മനസിലാക്കിയതോടെ വിവരം പോലീസിലും ആരോഗ്യവകുപ്പിലും ചിലർ അറിയിച്ചതോടെ അവരെത്തി ഇയാളെ മാറ്റുകയായിരുന്നു.
പോലീസെത്തും മുന്പു ചിലർ ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓടി തേക്കിൻകാട്ടിൽ പോയി ഇരുന്നു. പിന്നീട് പോലീസെത്തിയാണ് ഇയാളെ തിരിച്ചുവിളിച്ച് താക്കീത് നൽകി ആംബുലൻസിൽ കയറ്റി ജനറൽ ആശുപത്രിയിലേക്കു കോവിഡ് പരിശോധനക്കായി കൊണ്ടുപോയി ശേഷം ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി.
ഇയാൾക്ക് പോസിറ്റീവാണെങ്കിൽ ഇയാളിൽ നിന്നും പൂക്കൾ വാങ്ങിയവരും ഇയാൾ ചെന്ന കടകളിലുള്ളവരുമെല്ലാം നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നാണ് സൂചന.