സ്വന്തം ലേഖകൻ
തൃശൂർ: വർണപ്പൂക്കൾ കൊണ്ട് ഉദ്യാനം പോലെയാകുന്ന തേക്കിൻകാട് മൈതാനം ഇത്തവണ കാണാനാകില്ല. ഓണത്തിന് പൂക്കൾകൊണ്ടു നിറയുന്ന പാറമേക്കാവ് ക്ഷേത്രത്തിന്റെ മുൻഭാഗത്തെ തേക്കിൻകാട് മൈതാനത്ത് ഇത്തവണ പൂക്കച്ചവടം പേരിനു മാത്രം. അന്പതും അറുപതും പൂക്കച്ചവട സ്റ്റാളുകൾ നിറയുന്ന എക്സിബിഷൻ ഗ്രൗണ്ടിന് സമീപം ഇത്തവണ മൂന്നോ നാലോ സ്റ്റാളുകൾ മാത്രമാണുള്ളത്.
ഓണാഘോഷത്തിന്റെ യാതൊരു തിരക്കും ഇവിടെയില്ല. പൂക്കൾക്കാണെങ്കിൽ വിലയും കുറയുന്ന സ്ഥിതി. തമിഴ്നാട്ടിൽനിന്ന് പൂക്കൾ വരുന്നതും കുറഞ്ഞു. കുതിരാൻ വഴി കുണ്ടുംകുഴിയും ഗതാഗതക്കുരുക്കും താണ്ടി പാണ്ടിപ്പൂക്കൾ ഇവിടെ എത്തുന്പോഴേക്കും കേടുവരാൻ തുടങ്ങും. പല വണ്ടിക്കാരും പൂക്കളുമായി വരാൻ തയാറാവുന്നില്ല. കൊണ്ടുവന്നാലും ആവശ്യക്കാരില്ലാത്തതിനാൽ പൂക്കച്ചവടക്കാരും വിലകൊടുത്ത് പൂക്കൾ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല.
പ്രളയത്തിൽ വെള്ളംകയറിയ വീടുകൾ വൃത്തിയാക്കി വരുന്പോഴേക്കും ഓണം കഴിയും. വീട്ടുമുറ്റത്ത് ചെറുപൂക്കളം പോലും തീർക്കാൻ ആളുകൾ തയാറാകാത്ത സ്ഥിതിയാണുള്ളതെന്നും, എല്ലായിടത്തും ഓണാഘോഷങ്ങളും പൂക്കളമത്സരങ്ങളും വേണ്ടെന്നു വച്ചതിനാൽ ഇത്തവണ കച്ചവടം വളരെ കുറവും നഷ്ടവുമാണെന്നും പൂക്കച്ചവടക്കാർ പറയുന്നു.
സാധാരണഗതിയിൽ ഓണക്കാലത്ത് തൃശൂർ തേക്കിൻകാട് മൈതാനത്തെ പൂക്കച്ചവടം കാണാൻ വേണ്ടി പോലും നിരവധിപേർ എത്താറുണ്ട്. തേക്കിൻകാടിനെ അക്ഷരാർത്ഥത്തിൽ പൂന്തോട്ടമാക്കി മാറ്റുന്ന പൂക്കച്ചവട വിപണിയിൽ ഉത്രാടം ദിവസമെല്ലാം വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇത്തവണ ആളനക്കമില്ലാത്ത പൂവിപണിയാണ് ഓണത്തിനുള്ളത്.