പേരാമ്പ്ര: വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ പിതാവ് പന്തിരിക്കര പുതിയോട്ടുങ്കര അരുണോദയത്തിൽ പി.കെ. വിജയനെ (55) വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ പുലർച്ചെയാണു സംഭവം. വീട്ടിലെ സ്വീകരണമുറിയിൽ ഉറങ്ങാൻ കിടന്ന വിജയനെ കാലത്ത് സോഫയുടെ താഴെ കിടക്കുന്ന നിലയിൽ ഭാര്യ കാണുകയായിരുന്നു.
ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ചക്കിട്ടപാറ പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണ ഗവ. എൽപി സ്കൂൾ അധ്യാപകനായിരുന്നു വിജയൻ. ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണു ഭാര്യ മേരി മിറാൻഡ.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ ഒളിവിലായപ്പോഴും ഇതിനുശേഷം പോലീസ് കസ്റ്റഡിയിലായപ്പോഴും പോലീസ് വീട്ടിലെത്തി വിജയനെയും കുടുംബത്തെയും ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം ഇദ്ദേഹം അസ്വസ്ഥനായിരുന്നെന്നു നാട്ടുകാർ പറയുന്നു. മകൾ: അരുണിമ (വിദ്യാർഥിനി). പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: കല്യാണി. സഹോദരി: ശശികല.